വീ മിസ്‌ യൂ ലെജന്‍ഡ്...സാനിയ മിര്‍സയുടെ ഐതിഹാസിക കരിയറിന് വിരാമം

By Web Team  |  First Published Feb 21, 2023, 9:10 PM IST

ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ പ്രൊഫഷണല്‍ കരിയറിന് തോല്‍വിയോടെ വിരാമം


ദുബായ്: നൊമ്പരം, ആരും കൊതിക്കാത്തത് തോല്‍വിയോടെയുള്ള ഈ മടക്കം, പക്ഷേ എന്നെന്നും അഭിമാനം നമ്മുടെ സാനിയ മിര്‍സ! ഇന്ത്യന്‍ ടെന്നിസിന്‍റെ റാണി ദുബായിലെ തങ്കക്കിരീടത്തോടെ പ്രൊഫഷണല്‍ കരിയറിന് വിരാമമിടും എന്ന ഇന്ത്യന്‍ കായികമേഖലയുടെ പ്രതീക്ഷകള്‍ അസ്‌തമിച്ചു. എങ്കിലും കോടിക്കണക്കിന് ഇന്ത്യന്‍ വനിതകളെ, പെണ്‍കുട്ടികളെ പ്രചോദിപ്പിച്ച സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നിസ് കരിയറിന് അഭിമാന പര്യവസാനമായി. ഇന്ത്യന്‍ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ഇടംപിടിച്ച പെണ്‍കരുത്തിന്‍റെ ജൈത്രയാത്രയ്‌ക്കാണ് ദുബായിയുടെ മണ്ണില്‍ തിരശ്ശീല വീണത്. ഇന്ത്യന്‍ കായികരംഗത്തെ ഒരു യുഗം ഇന്ന് പൂര്‍ത്തിയായപ്പോള്‍ മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.  

തന്‍റെ പ്രൊഫഷനല്‍ കരിയറിലെ അവസാന ടൂര്‍ണമെന്‍റായ ദുബായ് ഓപ്പണിന്‍റെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ മിര്‍സ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമാണ് സാനിയ തന്‍റെ കരിയറിലെ അവസാന അങ്കത്തിന് കോർട്ടിലെത്തിയത്. എന്നാല്‍ റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂര്‍ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി സമ്മതിച്ചു. സ്കോര്‍: 4-6, 0-6. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

Latest Videos

undefined

ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലാണ്. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്‌സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്‌സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍ പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്‌ന അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേര്‍ന്നപ്പോള്‍ സാനിയ മിര്‍സ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വപ്നം കാണാനാവുന്നതിനും അപ്പുറത്തേക്ക് റാക്കറ്റേന്തി ഇന്ത്യന്‍ ടെന്നിസിന്‍റെ മുഖവും മേല്‍വിലാസവുമായി മാറുന്നതിനാണ് രണ്ട് പതിറ്റാണ്ട് കായികലോകം സാക്ഷ്യംവഹിച്ചത്. 

മകന് മുന്നില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് അഭിമാനം; കണ്ണീരണിഞ്ഞ് സാനിയ-വീഡിയോ

click me!