വിമ്പിൾഡൺ:സാനിയ സഖ്യം രണ്ടാം റൗണ്ടിൽ

By Web Team  |  First Published Jul 1, 2021, 7:29 PM IST

ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമ്പിൾഡണിലെ സാനിയയുടെ ഫോം ഇന്ത്യക്ക് നിർണായകമാണ്.


ലണ്ടൻ: വിമ്പിൾഡൺ ടെന്നീസ് വനിതാ വിഭാ​ഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയാ മിർസ-ബെഥാനി മറ്റെക്ക് സഖ്യത്തിന് വിജയത്തുടക്കം. 2017നുശേഷം ആദ്യമായി വിമ്പിൾഡണിനെത്തുന്ന സാനിയ അമേരിക്കൻ താരം ബെഥാനി മറ്റെക്കിനൊപ്പമാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടിൽ സാനിയ-മറ്റെക് സഖ്യം ആറാം സീഡുകളായ അലക്സ് ​ഗുവാരച്ചി-ഡിസൈറെ ക്രോസിക്ക് ജോടിയെയാണ് നേരിട്ടുള്ള സെറ്റുകളിൽ മറികടന്നത്. സ്കോർ 7-5, 6-3.

അനസ്താഷ്യ പാവ്ലുചുങ്കോവ-എലേന റൈബാക്കിനയും വെറോണിക്ക കുഡെർമെറ്റോവ-എലീന വെസ്നീന പോരാട്ടത്തിലെ വിജയികളെയാണ് രണ്ടാം റൗണ്ടിൽ സാനിയ സഖ്യം നേരിടേണ്ടത്. ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിമ്പിൾഡണിലെ സാനിയയുടെ ഫോം ഇന്ത്യക്ക് നിർണായകമാണ്.

Latest Videos

അങ്കിത റെയ്നക്കൊപ്പമാണ് സാനിയ ഒളിമ്പിക്സിൽ ഡബിൾസിൽ മത്സരിക്കുന്നത്. വനിതാ ഡബിൾസിൽ അമേരിക്കൻ താരം ലോറൻ ഡേവിസിനൊപ്പം അങ്കിതയും വിമ്പിൾഡണിൽ മത്സരിക്കുന്നുണ്ട്. 2018ൽ അമ്മയായശേഷം കളിക്കളത്തിൽ നിന്നു വിട്ടുനിന്ന സാനിയ കഴിഞ്ഞ വർഷം ജനുവരിയിൽ ഹൊബാർട്ട് ഇന്റർനാഷണൽ ഡബ്ല്യുടിഎ ടൂർണമെന്റിൽ കിരീടം നേടിയിരുന്നു.

click me!