ഗുണ്ടാബന്ധത്തെ കുറിച്ചും മൗനം; സുശീല്‍ കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published May 26, 2021, 1:32 PM IST

ദില്ലി പൊലീസിലെ ഉന്നതരെ ഉദ്ധരിച്ച് ദേശീയ മാധ്യമായ ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 


ദില്ലി: ജൂനിയര്‍ ഗുസ്‌തി താരം കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഒളിംപിക്‌ മെഡലിസ്റ്റ് സുശീല്‍ കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദില്ലി പൊലീസിലെ ഉന്നതരെ ഉദ്ധരിച്ച് ദേശീയ മാധ്യമായ ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ 23കാരന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ സുശീല്‍ കുമാര്‍ തിങ്കളാഴ്‌ച മുതല്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ പഞ്ചാബിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Latest Videos

കേസില്‍ സുശീലിന്‍റെ പങ്കിനെ കുറിച്ച് ദില്ലി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം വിശദമായി പരിശോധിച്ച് വരികയാണ്. ഗുണ്ടാത്തലവന്‍മാരുമായി സുശീലിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ വിഷയമാണ്. ഒളിവില്‍ കഴിയാന്‍ സുശീലിന് ഇവരുടെ സഹായം ലഭിച്ചോ എന്നതും പരിശോധിക്കുന്നു. എന്നാല്‍ ഗുണ്ടാബന്ധം സംബന്ധിച്ച് സുശീല്‍ മൗനം പാലിക്കുന്നതായി ദില്ലി പൊലീസ് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചുവരിയാണ്. ഇതിന്‍റെ ഭാഗമായി സുശീലിനെ ചൊവ്വാഴ്‌ച രാവിലെ ഛത്രസാല്‍ സ്റ്റേ‍ഡിയത്തില്‍ എത്തിച്ചിരുന്നു. 

ഗുസ്‌തിയില്‍ രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറിനെ അറസ്റ്റിന് പിന്നാലെ ജോലിയിൽ നിന്ന് റെയിൽവേ സസ്‌പെൻഡ് ചെയ്‌തിരുന്നു. നോര്‍ത്തേണ്‍ റെയിൽവേയിൽ സീനിയർ കമേർഷ്യൽ മാനേജരാണ് സുശീൽ കുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്നു. 

ജൂനിയര്‍ താരം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ സുശീല്‍ കുമാറിനെ റെയിൽവേ സസ്‌പെന്‍‍ഡ് ചെയ്‌തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!