ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് ​​ഗുണ്ടാ തലവന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്

By Web Team  |  First Published May 24, 2021, 2:09 PM IST

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിൽ ​ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടും കുറ്റവാളിയായ നീരജ് ബവാന സംഘത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒരു സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


ദില്ലി: ​യുവ ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിംപിക് ​ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിന് ​ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന നൽകി ദില്ലി പൊലിസ്. 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് സുശീൽ കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുശീലിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സുശീലും സംഘവും യുവ ​ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തേരേന്ത്യയിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജ‌തേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെതിരെ 19 ക്രിമിനൽ കേസുകളുണ്ട്. കാലാ ജതേദിയുമായി സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലിസ് പറയുന്നു.

Latest Videos

എന്നാൽ ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സാ​ഗർ റാണയെയും സോനുവിനെയും സുശീൽ മർദ്ദിച്ചതോടെ കാലാ ജതേദിയും സുശീലുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പൊലീസ് പറയുന്നു. ഹരിയാന ആസ്ഥാനമായാണ് ഇയാളുടെ പ്രവർത്തനങ്ങളെങ്കിലും ഉത്തേരേന്ത്യയിലെ ക്രിമിനൽ കേസുകളുടെയെല്ലാം പിന്നിൽ കാലാ ജതേദിയുടെ കൈകളുണ്ടെന്നാണ് പോലീസ് നി​ഗമനം.

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിൽ ​സാ​ഗർ റാണയെയും സോനുവിനെയും മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടും കുറ്റവാളിയായ നീരജ് ബവാന സംഘത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒരു സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബവാനയെക്കുറിച്ച് വിവരം ലഭിക്കുന്നവർക്ക് നേരത്തെ പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷം മുമ്പ് പൊലീസ് പിടിയിലായ ബവാന ജയിലിനകത്തിരുന്ന് ​ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ദില്ലിയിലും പരിസരങ്ങളിലും പലിശക്ക് പണം കൊടുക്കുന്ന ​ഗുണ്ടാ സംഘങ്ങൾ പണം തിരിച്ചു നൽകാത്തവരെ ഭീഷണിപ്പെടുത്താനായി ​ഗുസ്തി താരങ്ങളുടെ സഹായം തേടിയിരുന്നതായും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!