Russia-Ukraine war : റഷ്യന്‍ ഭരണകൂടത്തിന്‍റെ തീരുമാനങ്ങളുടെ ഇരകളാണ് പാരാലിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്ന അത്‌ലറ്റുകളെന്ന് ഐപിസി പ്രസിഡന്‍റ്
ബീജിംഗ്: യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്ക് (Russia invasion of Ukraine) കായികരംഗത്ത് മറ്റൊരു തിരിച്ചടി കൂടി. മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്‍റെയും അത്‌ലറ്റുകളെ വേള്‍ഡ് അത്‌ലറ്റിക്‌സ് വിലക്കിയതിന് പിന്നാലെ ബീജിംഗ് വിന്‍റര്‍ പാരാലിംപിക്‌സിലും (Beijing Winter Paralympics) അത്‌ലറ്റുകള്‍ക്ക് വിലക്ക് വീണു. രാജ്യാന്തര പാരാലിംപിക് കമ്മിറ്റിയുടേതാണ് (International Paralympic Committee, IPC) തീരുമാനം.
സംഭവിച്ചത് വമ്പന്‍ ട്വിസ്റ്റ്!
undefined
വിന്‍റര്‍ പാരാലിംപിക്‌സില്‍ ഇരു രാജ്യങ്ങളുടേയും അത്‌ലറ്റുകള്‍ക്ക് അംഗീകൃത നിഷ്പക്ഷ കായികതാരം എന്ന ലേബലില്‍ പങ്കെടുക്കാമെന്ന് രാജ്യാന്തര പാരാലിംപിക് കമ്മിറ്റി(IPC) ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഈ തീരുമാനം മാറ്റുകയായിരുന്നു വിന്‍റര്‍ പാരാലിംപിക്‌സ് സംഘാടകര്‍. ഇതോടെ റഷ്യയിലും ബെലാറസിലും നിന്നുള്ള 83 അത്‌ലറ്റുകള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. പാരാലിംപിക്‌സിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും എല്ലാ താരങ്ങളുടേയും സുരക്ഷയും പരിഗണിച്ചാണ് തീരുമാനം എന്ന് രാജ്യാന്തര പാരാലിംപിക് കമ്മിറ്റി അറിയിച്ചു. റഷ്യന്‍ ഭരണകൂടത്തിന്‍റെ തീരുമാനങ്ങളുടെ ഇരകളാണ് വിന്‍റര്‍ പാരാലിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്ന അത്‌ലറ്റുകളെന്ന് ഐപിസി പ്രസിഡന്‍റ് ആന്‍ഡ്രൂ പാര്‍സണ്‍സ് കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്‌ചാലത്തില്‍ രണ്ട് ദിവസം മുമ്പാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്‍റെയും അത്‌ലറ്റുകളെ വേള്‍ഡ് അത്‌ലറ്റിക്‌സ് വിലക്കിയത്. റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. വിലക്ക് പ്രാബല്യത്തില്‍ വന്നതായി വേള്‍ഡ് അത്‌ലറ്റിക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വേള്‍ഡ് അത്‌ലറ്റിക്സ് വിലക്ക് പ്രാബല്യത്തിലായതോടെ ഈ വര്‍ഷം ഒറീഗോണില്‍ നടക്കുന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ബെല്‍ഗ്രേഡില്‍ നടക്കുന്ന വേള്‍ഡ് അത‌്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും മസ്കറ്റില്‍ ഈ മാസം നാലിന് ആരംഭിക്കുന്ന വേള്‍ഡ് അത്‌ലറ്റിക്സ് റേസ് വാക്കിംഗ് ടീം ചാമ്പ്യന്‍ഷിപ്പിലും റഷ്യയുടെയും ബെലാറസിന്‍റെയും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. ബെലാറസ് ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം അടുത്ത ആഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും വേള്‍ഡ് അത്‌ലറ്റിക്സ് വ്യക്തമാക്കി.
റഷ്യ ഒറ്റപ്പെടുന്നു
കായികരംഗത്ത് കനത്ത തിരിച്ചടിയാണ് റഷ്യ നേരിടുന്നത്. നേരത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയെ വിലക്കാന്‍ ഫിഫയും യുവേഫയും ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനും സ്കീയിംഗ് ഫെഡറേഷനും തീരുമാനിച്ചിരുന്നു. റഷ്യയെ എല്ലാതരം കായിക മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും നിര്‍ദേശിച്ചിരുന്നു.
ഉത്തേജക ഉപയോഗത്തിന്‍റെ പേരില്‍ റഷ്യന്‍ ഫെഡറേഷനെ 2015 മുതല്‍ വേള്‍ഡ് അത്‌ലറ്റിക്സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ റഷ്യക്ക് നിലവില്‍ ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോ റഷ്യന്‍ പതാകക്ക് കീഴില്‍ കായിക താരങ്ങള്‍ക്ക് മത്സരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അംഗീകൃത നിഷ്പക്ഷ കായികതാരം എന്ന ലേബലിലാണ് നിലവില്‍ റഷ്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നത്.
Russia-Ukraine war: റഷ്യയുടെയും ബെലാറസിന്‍റെയും അത്‌ലറ്റുകളെ വിലക്കി വേള്‍ഡ് അത്‌ലറ്റിക്സ്