'ഫ്രഞ്ച് ഓപ്പണില്‍ തുടരുമോ എന്നറിയില്ല'; ഫെഡറര്‍ പിന്മാറിയേക്കും

By Web Team  |  First Published Jun 6, 2021, 6:06 PM IST

കാല്‍മുട്ടിലെ പരിക്ക് അലട്ടിയാല്‍ ടൂര്‍ണമെന്റില്‍ തുടരാവില്ലെന്ന് ഫെഡറര്‍ പറഞ്ഞു. അടുത്തിടെ കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ നടത്തിയിരുന്നു താരം.


പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്നുള്ള സൂചന നല്‍കി റോജര്‍ ഫെഡറര്‍. മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരശേഷം സംസാരിക്കുകയായിരുന്നു സ്വിസ് ഇതിഹാസം. കോഫറിനെതിരെ 7-6, 6-7, 7-6, 7-5നാണ് ഫെഡറര്‍ ജയിച്ചത്. കാല്‍മുട്ടിലെ പരിക്ക് അലട്ടിയാല്‍ ടൂര്‍ണമെന്റില്‍ തുടരാവില്ലെന്ന് ഫെഡറര്‍ പറഞ്ഞു. അടുത്തിടെ കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ നടത്തിയിരുന്നു താരം. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ 40 വയസ് പൂര്‍ത്തിയാവും ഫെഡറര്‍ക്ക്.

നാലാം റൗണ്ടില്‍ ഇറ്റലിയുടെ മാതിയോ ബരേറ്റിനിയാണ് ഫെഡററുടെ എതിരാളി. മത്സരം ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ നോവാക് ജോക്കോവിച്ചിനെതിരേയും മത്സരിക്കേണ്ടി വരും. വിംബിള്‍ഡണില്‍ പൂര്‍ണ കായികക്ഷമതയോടെ കളിക്കുകയും വേണം. ഇതിനിടെയാണ് ഫ്രഞ്ച് ഓപ്പണ്‍ പിന്മാറ്റത്തെ കുറിച്ച് താരം സംസാരിച്ചത്. ''ഓരോ ദിവസവും ഉറക്കമുണരുന്നത് എന്റെ കാല്‍മുട്ടിന്റെ അവസ്ഥയെ കുറിച്ചോര്‍ത്താണ്. എനിക്ക് കളി തുടരാനാവുമോ എന്ന് അറിയില്ല. വിശ്രമം എടുക്കേണ്ട സമയമാണോ ഇത് എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാന്‍ കാല്‍മുട്ടിന്റെ അവസ്ഥ വിലയിരുത്തണം.'' ഫെഡറര്‍ പറഞ്ഞു.

Latest Videos

മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡറര്‍ കളിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം കൂടിയാിരുന്നിത്. ഫ്രഞ്ച് ഓപ്പണില്‍ കിരീടപ്പോരിന് താന്‍ യോഗ്യനല്ലെന്ന് ഫെഡറര്‍ പറഞ്ഞിരുന്നു. വിംബിള്‍ഡണിന് വേണ്ടി താളം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നതെന്ന് ഫെഡറര്‍ വ്യക്തമാക്കിയിരുന്നു. 020 ജനുവരി 30ന് ശേഷം ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്നില്ല.

click me!