മെസിയെ കളിപ്പിക്കാന്‍ കോടികളുണ്ട്, കായികതാരങ്ങളുടെ വിശപ്പകറ്റാനില്ല! പാലും മാംസവും തീര്‍ന്നിട്ട് ദിവസങ്ങളായി

By Web Team  |  First Published Jun 28, 2023, 1:04 PM IST

വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിശദീകരണം. കായികാധ്വാനം നടത്തുന്ന എഴുപത്തി അഞ്ചോളം കുട്ടികള്‍ക്ക് കിട്ടുന്നത് സാധാരണ ഭക്ഷണം മാത്രം.


കൊച്ചി: അര്‍ജന്റീനയെ ഇന്ത്യയുമായി കളിക്കാന്‍ കേരളത്തിലേക്ക് നമ്മുടെ കായികമന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയില്‍ കളിക്കാനുള്ള അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ആഗ്രഹം എഐഎഫ്എഫ് നിരസിച്ചതിനെ തുടര്‍ന്നായിരുന്നു അബ്ദുറഹിമാന്റെ പ്രസ്താവന. അര്‍ജന്റൈന്‍ ടീമിന് കളിക്കാനുള്ള സൗകര്യമൊരുക്കാമെന്നന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ കേരളത്തിലെ കായികരംഗത്തെ അവസ്ഥ കൂടി പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ ദുരിതമാണ് വിഷയം. പോഷക ഗുണമുള്ള ഭക്ഷണം കുട്ടികള്‍ക്ക് കിട്ടാതായിട്ട് ഒരാഴ്ചയായി.
 
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിശദീകരണം. കായികാധ്വാനം നടത്തുന്ന എഴുപത്തി അഞ്ചോളം കുട്ടികള്‍ക്ക് കിട്ടുന്നത് സാധാരണ ഭക്ഷണം മാത്രം. പാല്‍, മുട്ട, മാംസം തുടങ്ങി പോഷകാഹാരങ്ങള്‍ ഇവര്‍ക്ക് കിട്ടാതായിട്ട് ദിവസങ്ങളായി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അടുക്കളയിലെ പാചകവാതകത്തെ പോലും ബാധിച്ച സ്ഥിതിയാണ്.

സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ മാസങ്ങളായുള്ള ഭിന്നതയാണ് കുട്ടികളെ പ്രതിസന്ധിയിലാക്കിയത്. 250 രൂപയാണ് ഒരു കുട്ടിക്കായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു ദിവസം ഭക്ഷണത്തിനായി ചിലവിടുന്നത്. സംസ്ഥാന കൗണ്‍സില്‍ പണം നല്‍കാന്‍ വൈകിയതോടെ ഹോസ്റ്റലില്‍ പലചരക്ക് സാധനങ്ങള്‍ എത്താതായി. തനത് ഫണ്ട് ഉപയോഗിച്ച് ചിലവ് നടത്തണമെന്ന് സംസ്ഥാന കൗണ്‍സിലും എന്നാല്‍ ഫണ്ടില്ലെന്ന് ജില്ലാ ഘടകവും നിലപാടെടുത്തു. 

Latest Videos

undefined

തര്‍ക്കം ഇങ്ങനെ തുടരുന്നതിനിടെ വിഷയം ചര്‍ച്ചയായതോടെ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ഉടന്‍ തന്നെ പരിഹാരം ഉണ്ടാവുമെന്നാണ് സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ വിശദീകരണം. സംസ്ഥാന ഘടകവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് പി വി ശ്രീനിജിന്‍ എംഎല്‍എയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പക്ഷേ ശ്രീനിജിന്‍ ഇതുവരെ സ്ഥാനമൊഴിഞ്ഞിട്ടില്ല.

മൊഹാലിയില്‍ ഒറ്റ മത്സരം പോലുമില്ല; ലോകകപ്പ് വേദി തെരഞ്ഞെടുത്തത് രാഷ്ട്രീയം നോക്കിയെന്ന് പഞ്ചാബ് കായിക മന്ത്രി

click me!