ഫ്രഞ്ച് ഓപ്പണ്‍: ഷോര്‍ട്‌സ്‍മാനെ തകര്‍ത്തെറിഞ്ഞ് നദാല്‍ സെമിയില്‍; വനിതകളില്‍ നിലവിലെ ചാംപ്യന്‍ പുറത്ത്

By Web Team  |  First Published Jun 9, 2021, 10:03 PM IST

വനിത വിഭാഗം സെമിയില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവ സ്ലോവേനിയയുടെ തമറ സിഡന്‍സക്കിനെ നേരിടും. മറ്റൊരു സെമിയില്‍ ഗ്രീസിന്റെ മരിയ സക്കറി ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയുമായി മത്സരിക്കും.


പാരീസ്: നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ക്ക് പിന്നാലെയാണ് സ്പാനിഷ് താരം സെമിയില്‍ കടന്നത്. വനിത വിഭാഗം സെമിയില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവ സ്ലോവേനിയയുടെ തമറ സിഡന്‍സക്കിനെ നേരിടും. മറ്റൊരു സെമിയില്‍ ഗ്രീസിന്റെ മരിയ സക്കറി ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയുമായി മത്സരിക്കും. 

അര്‍ജന്റൈന്‍ താരം ഡിയേഗോ ഷോര്‍ട്‌സ്മാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 4-6, 6-4, 6-0. റോളണ്ട് ഗാരോസില്‍ സെറ്റ് വഴങ്ങാതെയുള്ള മുന്നേറ്റം അവസാനിപ്പിച്ചുവെന്ന് മാത്രമാണ് ഷോര്‍ട്‌സ്മാന് ഓര്‍ക്കാനുള്ള നല്ല നിമിഷം. തുടര്‍ച്ചയായി 36 സെറ്റുകള്‍ ജയിച്ചുവരികയായിരുന്നു നദാല്‍. രാത്രി 11.30 നടക്കുന്ന നൊവാക് ജോക്കോവിച്ച്- മാതിയോ ബരേറ്റിനി മത്സരത്തിലെ വിജയിയെയാണ് നാദല്‍ സെമിയില്‍ നേരിടുക. 

Latest Videos

മറ്റൊരു സെമിയില്‍ ഗ്രീക്ക് താരം സ്റ്റാഫാനോസ് സിറ്റ്‌സിപാസ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റ്്‌സിപാസ് സെമിയില്‍ കടന്നത്. സ്‌കോര്‍ 6-3, 7-6, 7-5. സ്വെരേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയ്‌നിന്റെ ഡേവിഡോവിച്ച് ഫോകിനയെ തോല്‍പ്പിച്ചിരുന്നു. 

അതേസമയം വനിതകളില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇഗ സ്വിയറ്റക് പുറത്തായി. ഗ്രീക്ക് താരം മരിയ സക്കറി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളിഷ് താരത്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4 എന്ന സ്‌കോറിനായിരുന്നു സക്കറിയുടെ ജയം. ആദ്യമായിട്ടാണ് സക്കറി ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

അമേരിക്കയുടെ കൗമാരതാരം കൊകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രസിക്കോവ സെമിയില്‍ കടന്നത്. സ്‌കോര്‍ 6-7, 3-6. ക്രസിക്കോവയുടെയും ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലാണിത്.

click me!