നദാലിന് ഒൻപതാം തവണയും മെസിക്ക് എട്ടാം തവണയുമാണ് ലോറസ് നോമിനേഷൻ കിട്ടുന്നത്
പാരീസ്: ഈ വർഷത്തെ ലോറസ് അവാർഡിന് അർഹൻ അര്‍ജന്‍റീനയ്‌ക്ക് ഫിഫ ലോകകപ്പ് നേടിക്കൊടുത്ത ലിയോണൽ മെസിയാണെന്ന് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. മികച്ച താരത്തിനുള്ള ലോറസ് ചുരുക്കപ്പട്ടികയിൽ മെസിക്കൊപ്പം നദാലും ഉൾപ്പെട്ടിട്ടുണ്ട് എന്നിരിക്കേയാണ് ടെന്നിസ് സൂപ്പര്‍ താരത്തിന്‍റെ വാക്കുകള്‍.
ലോറസ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ട്. പക്ഷേ, ഈവർഷത്തെ പുരസ്‌കാരത്തിന് അർഹൻ ലിയോണല്‍ മെസിയാണെന്ന് നദാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. നദാലിന് ഒൻപതാം തവണയും മെസിക്ക് എട്ടാം തവണയുമാണ് ലോറസ് നോമിനേഷൻ കിട്ടുന്നത്. കായികരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് നേടിയ ഏക ഫുട്ബോളറാണ് മെസി. 2020ല്‍ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമില്‍ട്ടണിന് ഒപ്പം മെസി പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരത്തിന് രണ്ട് അവകാശികളുണ്ടായത്. നദാൽ മൂന്ന് തവണ ലോറസ് അവാർഡ് നേടിയിട്ടുണ്ട്. 2020ല്‍ മെസി പുരസ്‌കാരം നേടുമ്പോള്‍ നദാല്‍ അന്തിമ പട്ടികയിലുണ്ടായിരുന്ന താരമാണ്.
undefined
ലോറസ് പുരസ്‌കാരങ്ങള്‍ക്കുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലിയോണൽ മെസി, കിലിയൻ എംബാപ്പേ, റാഫേൽ നദാൽ, സ്റ്റെഫ് കെറി, മാക്‌സ് വെർസ്റ്റപ്പൻ, മോൻഡോ ഡുപ്ലാന്‍റിസ് എന്നിവരാണ് മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡിലെ ഫൈനലിസ്റ്റുകൾ. ഷെല്ലി ആൻ ഫ്രേസർ, കെയ്റ്റ് ലെഡെക്കി, സിഡ്നി മക്‌ലോഗ്‍ലിൻ ലെവ്രോൺ, അലക്‌സിയ പ്യൂറ്റിയാസ്, മികേല ഷിഫ്രിൻ, ഇഗ ഷ്വാൻടെക് എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള ഫൈനലിസ്റ്റുകൾ. ടീം ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി അർജന്‍റൈൻ ഫുട്ബോൾ ടീം, ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, ഫ്രാൻസ് റഗ്ബി ടീം, റയൽ മാഡ്രിഡ് എന്നിവർ അന്തിമ പട്ടികയിലുണ്ട്.
ലോറസ് വേൾഡ് സ്പോർട്‌സ് അക്കാഡമിയുടെ 71 അംഗ പാനലാണ് ജേതാക്കളെ നിശ്ചയിക്കുക. വെർസ്റ്റപ്പനും എലൈൻ തോംസണുമാണ് കഴിഞ്ഞ വർഷം ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്.
ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അന്‍സു ഫാറ്റി; ലാ ലീഗ കിരീടം സ്വപ്‌നം കണ്ട് കറ്റാലന്‍ കുതിപ്പ്