ഇറ്റാലിയന്‍ താരം യാനിക്ക് സിന്നറെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന എട്ടില്‍ ഇടം കണ്ടെത്തിയത്. നേരത്തെ ഡിയേഗോ ഷ്വാര്‍ട്‌സ്മാന്‍, അല്ക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
പാരീസ്: ലോക ഒന്നാംനമ്പര്‍ നോവാക് ജോകോവിച്ചിന് പിന്നാലെ നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റാലിയന്‍ താരം യാനിക്ക് സിന്നറെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന എട്ടില്‍ ഇടം കണ്ടെത്തിയത്. നേരത്തെ ഡിയേഗോ ഷ്വാര്‍ട്‌സ്മാന്‍, അല്ക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. റോജര്‍ ഫെഡറര്‍ പിന്മാറിയാതോടെ മാതിയ ബരേറ്റിനിക്കും അവസാന എട്ടില്‍ ഇടം ലഭിച്ചു. വനിതകളില്‍ കൊകോ ഗൗഫ്, മരിയ സക്കറി എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു.
18-ാം സീഡ് സിന്നറിനെതിരെ ആധികാരികമായിരുന്നു നദാലിന്റെ പ്രകടനം. ആദ്യ സെറ്റില്‍ മാത്രമാണ് ഇറ്റാലിയന്‍ താരത്തില്‍ നിന്ന് ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നത്. 7-5നാണ് ആദ്യ സെറ്റ് നദാല്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ രണ്ട് തവണ നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌തെങ്കിലും സ്പാനിഷ് താരം തിരിച്ചടിച്ചു. 6-3ന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 19കാരന് ഒരവസരവും നല്‍കിയില്ല. 6-0 നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി.
ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഷ്വാര്‍ട്‌സ്മാനാണ് നദാലിന്റെ എതിരാളി. ജര്‍മനിയുടെ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്‌സ്മാന്‍ ക്വാര്‍ട്ടറിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 7-6, 6-4, 7-5. ഇറ്റാലിയന്‍ യുവതാരം ലൊറന്‍സൊ മുസേറ്റിക്കെതിരെ അവിശ്വസനീയ തിരിച്ചുവരാണ് നിലവിലെ ഒന്നാം നമ്പറായ ജോക്കോവിച്ച് നടത്തിയത്.
ആദ്യ രണ്ട് സെറ്റും 6-7, 6-7ന് മുസേറ്റി സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റില്‍ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് 6-1നും നാലാം സെറ്റ് 6-0ത്തിനും ജോക്കോവിച്ച് സ്വന്തമാക്കി. നിര്‍ണായകമായ അവസാന സെറ്റില്‍ ജോക്കോ 4-0ത്തിന് മുന്നില്‍ നില്‍ക്കെ ഇറ്റാലിയന്‍ താരം പിന്മാറുകയായിരുന്നു. ക്വാര്‍ട്ടറില്‍ മറ്റൊരു ഇറ്റാലിയന്‍ താരം ബരേറ്റിനിയെയാണ് ജോക്കോ നേരിടുക.
സ്വെരേവ് നേരത്തെ ജപ്പാന്റെ കീ നിഷികോറിയെ തകര്‍ത്തിരുന്നു. 6-4, 6-1, 6-1 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വെരേവിന്റെ ജയം. സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയാണ് സ്വെരേവിന്റെ എതിരാളി.
വനിതകളില്‍ നാലാം സീഡ് സോഫിയ കെനിനെ ഗ്രീക്ക് താരം മരിയ സക്കറി അട്ടിമറി ജയം നേടി. 1-6, 3-6നായിരുന്നു സക്കറി ജയിച്ചത്. ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ടൂണിഷ്യയുടെ ഒന്‍സ് ജബറിനെ തോല്‍പ്പിച്ചു. 3-6, 1-6നായിരുന്നു ഗൗഫിന്റെ ജയം.