കാള്‍സണെ വീണ്ടും സമനിലയില്‍ തളച്ച് ആർ പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് ഫൈനല്‍ ടൈ-ബ്രേക്കറിലേക്ക്

By Web Team  |  First Published Aug 23, 2023, 6:30 PM IST

രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു


ബാകു: ചെസ് ലോകകപ്പില്‍ മാഗ്നസ് കാള്‍സണ്‍- ആർ പ്രഗ്നാനന്ദ ഫൈനല്‍ ടൈ-ബ്രേക്കറിലേക്ക്. ഇന്ന് നടന്ന രണ്ടാം റൗണ്ടിലും ഇന്ത്യന്‍ കൗമാര വിസ്മയമായ പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ നോർവേ ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയില്‍ പിടിച്ചുകെട്ടി. ഇന്നലെ നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. 

രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലത്തെ ആദ്യ റൗണ്ട് 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ-ബ്രേക്കറുകള്‍ ചെസ് ലോകകപ്പ് വിജയിയെ തീരുമാനിക്കും. റാപിഡ് ഫോർമാറ്റിലാണ് രണ്ട് ടൈ-ബ്രേക്കറുകള്‍. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. അതേസമയം ടൂർണമെന്‍റില്‍ വിസ്മയ കുതിപ്പോടെയാണ് 18 വയസ് മാത്രമുള്ള ആർ പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചത്. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്നാനന്ദ തോല്‍പിച്ചു. നാളെയാണ് ടൈ-ബ്രേക്കർ മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് പോരാട്ടം തുടങ്ങും. 

Latest Videos

undefined

ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്. ഈ ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്. ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആര്‍ പ്രഗ്നാനന്ദ. അതിനാല്‍തന്നെ വ്യാഴാഴ്ച നടക്കുന്ന ടൈ-ബ്രേക്കറുകളും വലിയ ആവേശമാകും. 

Read more: ചെസ് ലോകകപ്പ്: വിസ്‌മയ കൗമാരം ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ, എതിരാളി മാഗ്നസ് കാൾസണ്‍, റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!