Novak Djokovic : കോടതിയില്‍ ജയിച്ചത് പോര! നൊവാക് ജോക്കോവിച്ചിന് പുതിയ കരുക്ക്

By Web Team  |  First Published Jan 11, 2022, 9:16 PM IST

സെര്‍ബിയന്‍ താരം തെറ്റായ യാത്രാരേഖകള്‍ നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ കോടതിയിലെ ജയത്തിന് പിന്നാലെ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) പുതിയ കുരുക്ക്. സെര്‍ബിയന്‍ താരം തെറ്റായ യാത്രാരേഖകള്‍ നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി (Australian Open) മെല്‍ബണിലെത്തും മുന്‍പ് ജോക്കോവിച്ചിന്റെ ഏജന്റ് നല്‍കിയ സത്യവാങ്മൂലത്തില്‍ യാത്രാവിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പുതിയ ആക്ഷേപം.

ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറും മുന്‍പുള്ള രണ്ടാഴ്ച ഒരിടത്തേക്കും പോയിട്ടില്ലെന്ന് ജോക്കോവിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ജോക്കോവിച്ച് സെര്‍ബിയയില്‍ ടെന്നിസ് കളിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താരം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത് സ്‌പെയിനില്‍ നിന്നെന്നും വ്യക്തം. യാത്രാരേഖകളെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് പ്രതികരിച്ചു.

Latest Videos

undefined

ഓസ്‌ട്രേലിയന്‍ ഓാപ്പണ്‍ അധികൃതരാണ് യാത്രാരേഖകള്‍ പൂരിപ്പിച്ചതെന്നാണ് ജോക്കോവിച്ച് ക്യാംപിന്റെ വിശദീകരണം. അതേസമയം 
ജോക്കോവിച്ചിന്റെ വീസ വീണ്ടും റദ്ദാക്കുന്നതില്‍ കുടിയേറ്റവകുപ്പ് മന്ത്രിയുടെ തീരുമാനം  നീളുകയാണ്. കൂടിയാലോചനകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.  

അതിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിന്‍സണെ ടെലിഫോണില്‍ ബന്ധപ്പെട്ട സെര്‍ബിയന്‍ പ്രധാനമന്ത്രി താരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വിവേചനപരമായ സമീപനം ആര്‍ക്കുമെതിരെ സ്വീകരിക്കില്ലെന്നും കൊവിഡ് വ്യാപനത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് പരിഗണനയെന്നും ആയിരുന്നു സ്‌കോട് മോറിന്‍സണിന്റെ മറുപടി.

click me!