Prime Volleyball League : പ്രൈം വോളിബോള്‍ ലീഗില്‍ ടോം ജോസഫ് ഹൈദരാബ് ടീമിന്‍റെ സഹ പരിശീലകന്‍

By Web Team  |  First Published Dec 11, 2021, 6:10 PM IST

കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകളായ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗലൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നിവയാണ് മറ്റു ടീമുകള്‍.


കൊച്ചി: പുതുതായി ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗിൽ(Prime Volleyball League) മുൻ ഇന്ത്യൻ ക്യാപ്റ്റൻ‌ ടോം ജോസഫ്(Tom Joseph) ഹൈദരാബാദ് ഹൊവാക്സ് ടീമിന്‍റെ സഹപരിശീലകനാകും. ടീമിന്‍റെ മെന്‍റര്‍ കൂടിയാണ് ടോം ജോസഫ്. അർജന്‍റീനക്കാരൻ റൂബൻ വൊളോഷിനാണ് ടീമിന്‍റെ മുഖ്യപരിശീലകന്‍. പ്രൈം വോളിബോൾ ലീഗിൽ ടോം ജോസഫിന് പുറമെ അ‍ഞ്ച് മലയാളികള്‍ കൂടി പരിശീലകരാകുന്നുണ്ട്.

മുൻ ഇന്ത്യൻ താരം കിഷോർ കുമാറാണ് കാലിക്കറ്റ് ഹീറോസിന്‍റെ മുഖ്യ പരിശീലകൻ‌. മുൻ ദേശീയ താരം സി.വി.നജീബ് സഹ പരിശീലകനാണ്. മുൻ ഇന്ത്യൻ പരിശീലകൻ സണ്ണി ജോസഫ് കൊൽക്കത്ത തണ്ടർബോൾട്ട് ടീമിന്‍റെ മുഖ്യ പരിശീലകനും മുൻ സർ‌വീസസ് താരം സിജു ജോസഫ് സഹ പരിശീലകനുമാണ്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്‍റെ സഹപരിശീലകൻ എസ്.ടി.ഹരിലാലാണ്.

Latest Videos

ഫെബ്രുവരിയിൽ കൊച്ചി വേദിയാവുന്ന ടൂർ‌ണമെന്‍റിന്‍റെ താരലേലം 14നു കൊച്ചിയിൽ നടക്കും. ആകെ ഏഴ് ടീമുകളാകും ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുക. കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകളായ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗലൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നിവയാണ് മറ്റു ടീമുകള്‍.

ആകെ 24 മത്സരങ്ങളാകും ടൂര്‍ണമെന്‍റിലുണ്ടാകുക. പ്രാഥമിക ഘട്ടത്തില്‍ ടീമുകള്‍ പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. മികച്ച നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സോണി പിക്ചേഴ്സ് നെറ്റ്‌വര്‍ക്കില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.

വോളിബോൾ ഫെഡറേഷന്‍റെ നേതൃത്വത്തിൽ 2019ല്‍ പ്രൊ വോളി ലീഗ് ആരംഭിച്ചിരുന്നുവെങ്കിലും ആദ്യ സീസണു ശേഷം നിന്നുപോയിരുന്നു. പ്രോ വോളി ലീഗിന്‍റെ നടത്തിപ്പുകാരായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്സും വോളിബോള്‍ ഫെഡറേഷനും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആദ്യ സീസണുശേഷം നിന്നുപോയത്.  ബേസ്‌ലൈന്‍ വെഞ്ച്വേഴ്സ് തന്നെയാണ് പ്രൈം വോളിബോള്‍ ലീഗിന്‍റെയും സംഘാടകര്‍.

click me!