പഞ്ചാബിയൊക്കെ പഠിച്ചോയെന്ന് പ്രധാനമന്ത്രി, ഞാനവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്!

By Web Team  |  First Published Aug 17, 2021, 3:31 PM IST

ഇന്ത്യയുടെ രക്ഷകനായി ഗോല്‍ പോസ്റ്റില്‍ നിറഞ്ഞുനിന്ന മലയാളി പി ആര്‍ ശ്രീജേഷിനോട് പ്രധാനമന്ത്രിക്ക് ചോദിച്ചറിയാന്‍ വിശേഷങ്ങള്‍ ഏറെയുണ്ടായിരുന്നു.
 


തിരുവനന്തപുരം: 41 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക് പോഡിയത്തിലെത്തിയത്. അഭിമാന താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നും സ്വീകരണവും ഒരുക്കിയത് ഔദ്യോഗിക വസതിയില്‍. ഇന്ത്യയുടെ രക്ഷകനായി ഗോല്‍ പോസ്റ്റില്‍ നിറഞ്ഞുനിന്ന മലയാളി പി ആര്‍ ശ്രീജേഷിനോട് പ്രധാനമന്ത്രിക്ക് ചോദിച്ചറിയാന്‍ വിശേഷങ്ങള്‍ ഏറെയുണ്ടായിരുന്നു.

Latest Videos

പ്രധാനമന്ത്രി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെക്കുന്നു...  ''അദ്ദേഹവുമായുള്ള സംസാരം വളരെ രസകരമായിരുന്നു. പ്രധാനമന്ത്രിയെന്ന സ്ഥാനത്തിരിക്കാതെ സാധാരണ ഒരു മനുഷ്യനെന്ന പോലെയാണ് അദ്ദേഹം ഞങ്ങളോടെല്ലാം സംസാരിച്ചത്. ഹോക്കി ടീം പരിശീലകനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയിലെ എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയിരുന്നു മെഡലായിരുന്നു ഹോക്കിയിലേത്. ഹോക്കി ജയിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വാക്കുകളൊക്കെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഖേല്‍രത്‌നയ്ക്ക് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കിയ കാര്യങ്ങളെല്ലാം അദ്ദേഹം സംസാരിച്ചു.

തമാശയോടെ അദ്ദേഹം എന്നോട് ചോദിച്ചു, ശ്രീജേഷ് പഞ്ചാബി പഠിച്ചോയെന്ന്. ഞാന്‍ പറഞ്ഞു, പഞ്ചാബിയെല്ലാം പഠിച്ചു. ഇനി ഇവന്മാരെ എല്ലാം എനിക്ക് മലയാളം പഠിപ്പിക്കണം. അതുകേട്ടപ്പോള്‍ അദ്ദേഹം രസകരമായി ചിരിക്കുയാണുണ്ടായത്. എങ്ങനെയാണ് ആ ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിപ്പറ്റിയതെന്ന് ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. ''21 വര്‍ഷമായിട്ട് ഞാന്‍ ഗോള്‍ പോസ്റ്റിന്റെ മുന്നിലായിരുന്നു. മെഡല്‍ നേടിയ ആവേശത്തില്‍ എനിക്ക് തോന്നിയത് ഗോള്‍ പോസ്റ്റിന് മുകില്‍ കയറി ആഘോഷിക്കാനാണ്. അങ്ങനെ പോസ്റ്റില്‍ ചവിട്ടി വലിഞ്ഞുകയറുകയായിരുന്നു.'' എന്നായിരുന്നു ഞാനദ്ദേഹത്തോടെ പറഞ്ഞ മറുപടി. 

സെമി ഫൈനലില്‍ തോറ്റിരിക്കുമ്പോഴാും അദ്ദേഹം ഞങ്ങളെ വിളിക്കുകയുണ്ടായി. അന്ന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. അടുത്ത മത്സരത്തില്‍ ശ്രദ്ധയൂന്നാന്‍ അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെ മൊത്തം ഇന്ത്യയുടെ കൂടെയുണ്ടെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇന്ത്യ നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ തോല്‍വി മറന്ന് അടുത്ത മത്സരത്തിലേക്ക് ഫോക്കസ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഇത്തരത്തില്‍ നല്ല രീതിയില്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാനമന്ത്രിയുള്ളത് തീര്‍ച്ചയായും പ്രചോദനം നല്‍കുന്ന കാര്യമാണ്.'' ശ്രീജേഷ് പറഞ്ഞുനിര്‍ത്തി.

ഹോക്കിയില്‍ വെങ്കല പോരാട്ടത്തിനുള്ള മത്സരത്തില്‍ ജര്‍മനിനെ 5-4നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാന നിമിഷത്തില്‍ ജര്‍മനിക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ രക്ഷപ്പെടുത്തി ശ്രീജേഷ് ഇന്ത്യയുടെ ഹീറോയായി.

click me!