പാരിതോഷികം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരും തലമുറക്ക് പ്രചോദനമെന്ന് ശ്രീജേഷ്

By Web Team  |  First Published Aug 11, 2021, 9:40 PM IST

വിശ്വസിച്ചതുപോലെ തന്നെ 41 വര്‍ഷത്തിനുശേഷം രാജ്യത്തിനായി ഒളിംപിക്സില്‍ നേടിയ മെഡലിന് അത് അര്‍ഹിക്കുന്ന പാരിതോഷികവും അര്‍ഹിക്കുന്ന പ്രമോഷനുമാണ് സര്‍ക്കാര്‍ നല്‍കിയത്. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് വിളിച്ച് മന്ത്രിസഭാ തീരുമാനം എന്നെ അറിയിച്ചു.


കൊച്ചി: ടോക്യോ ഒളിപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തിന് തനിക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം വരും തലമുറക്ക് പ്രചോദനമാകുമെന്ന് പി ആര്‍ ശ്രീജേഷ്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.

വിശ്വസിച്ചതുപോലെ തന്നെ 41 വര്‍ഷത്തിനുശേഷം രാജ്യത്തിനായി ഒളിംപിക്സില്‍ നേടിയ മെഡലിന് അത് അര്‍ഹിക്കുന്ന പാരിതോഷികവും അര്‍ഹിക്കുന്ന പ്രമോഷനുമാണ് സര്‍ക്കാര്‍ നല്‍കിയത്. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് വിളിച്ച് മന്ത്രിസഭാ തീരുമാനം എന്നെ അറിയിച്ചു.

Latest Videos

ഈ ഒരു അംഗീകാരം വരും തലമുറയില്‍ ഒളിംപിക്സിനെ സ്വപ്നം കാണുന്ന, ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന അത്ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. ഇത്രയും വലിയ അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷം കായികമന്ത്രി വി അബ്ദുള്‍ റഹിമാനാണ് ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നൽകും.

ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ശ്രീജേഷിന് കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു.

click me!