'കുട്ടികളുടെ മുന്നില്‍ ഹീറോയായി നില്‍ക്കണം, അതിലൂടെ ഹോക്കിയെ ഉയര്‍ത്തികൊണ്ടുവരണം': പി ആര്‍ ശ്രീജേഷ്

By Web Team  |  First Published Nov 3, 2021, 10:32 AM IST

'ഒരു ഹോക്കി ലീഗ് വന്നാല്‍ കൂടുതല്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കും. ഹോക്കി ഇന്ത്യ ലീഗ് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണത്തെ യോഗത്തില്‍ ഹോക്കി ഇന്ത്യ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.' ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. 


തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സില്‍ ഹോക്കി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ (PR Sreejesh) കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന (Khel Ratna) പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം ശ്രീജേഷ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടു. സ്‌കൂളൂകളിലൂടെ ഹോക്കി വളര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ശ്രീജേഷ് പറഞ്ഞു. 

ശ്രീജേഷിന്റെ വാക്കുകള്‍. ''പറയാന്‍ വാക്കുകളില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേരിനോട് ചേര്‍ത്താണ് ഇത്തവണ മുതല്‍ ഖേല്‍രത്‌ന നല്‍കുന്നത്. ഒരു ഹോക്കി താരമായ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നൊരു നിമിഷമാണ്. ഒളിംപിക് മെഡലും അതിന് ശേഷം ഖേല്‍രത്‌ന നേടുന്നതും നിരവധി കുട്ടികളെ ഹോക്കി കളിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒളിംപിക്‌സ് കഴിഞ്ഞ് വന്നപ്പോള്‍ കുട്ടികള്‍ ഹോക്കി കളിക്കാന്‍ തുടങ്ങിയിക്കുന്നു എന്നൊരു കാര്യം ഞാന്‍ കേട്ടിരുന്നു. അതൊരു വലിയ കാര്യം തന്നെയാണ്.

Latest Videos

എനിക്ക്  ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം രാജ്യത്തിന് വേണ്ടി കൂടുതല്‍ കളിക്കുക, കൂടുതല്‍ മെഡല്‍ നേടുകയെന്നുള്ളതാണ്. ഒരു ഹീറോയായി അവരുടെ മുന്നില്‍ നില്‍ക്കുന്നതിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. സ്‌കൂളൂകളിലൂടെ ഹോക്കി കുട്ടികളിലെത്തണം. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ പറ്റണം. പൊതു വിദ്യാഭ്യാസ വകുപ്പിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളിലൂടെ ഹോക്കിക്ക് പ്രചാരം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യും. 

ഏഷ്യന്‍ ഗെയിംസ് ഹോക്കിയെ കുറിച്ചാണ് ഇപ്പോഴത്തെ ചിന്ത. അത് പാരിസ് ഒളിംപിക്‌സിലേക്കുള്ള ടിക്കറ്റാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഒരു ഹോക്കി ലീഗ് വന്നാല്‍ കൂടുതല്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കും. ഹോക്കി ഇന്ത്യ ലീഗ് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണത്തെ യോഗത്തില്‍ ഹോക്കി ഇന്ത്യ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.'' ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര (Neeraj Chopra), ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കും.

click me!