ഒളിംപിക് മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞ് ശ്രീജേഷ്

By Web Team  |  First Published Aug 10, 2021, 7:58 PM IST

ഒളിംപിക്സില്‍ മെഡല്‍ നേടിയശേഷം ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞത് ഈ മെഡല്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു. പറഞ്ഞതുപോലെ ശ്രീജേഷ് വാക്കുപാലിക്കുകയും ചെയ്തു.


കൊച്ചി: ടോക്കിയോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ നേടിയ വെങ്കല മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞ് പി ആര്‍ ശ്രീജേഷ്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ അച്ഛന്‍ പി ആര്‍ രവീന്ദ്രനും കുടുംബാംഗങ്ങളും എത്തിയിരുന്നു. വിമാനത്താവളത്തില്‍വെച്ചുതന്നെ ശ്രീജേഷ് മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞു.

Latest Videos

ഒളിംപിക്സില്‍ മെഡല്‍ നേടിയശേഷം ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞത് ഈ മെഡല്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു. പറഞ്ഞതുപോലെ ശ്രീജേഷ് വാക്കുപാലിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് കിഴക്കമ്പലത്തെ വീട്ടിലേക്ക് എത്തിച്ചത്. ടോക്യോ ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്നും ശ്രീജേഷ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒളിംപിക്‌സ് ഹോക്കിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം.

ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു മലയാളി താരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!