രാഷ്ട്രീയ നേതാക്കളായ അല്‍ക്ക ലാംപ, രാംദീപ് സിംഗ് സുര്‍ജേവാല, മമത ദത്ത് എന്നിവര്‍ പ്രിയ മാലിക്കിന് ടോക്കിയോയില്‍ സ്വര്‍ണ്ണം എന്ന് പറഞ്ഞിട്ട ഇട്ട പോസ്റ്റുകള്‍ വൈറലായി ഏറെ വിമര്‍ശനവും കേട്ടു.
ദില്ലി: ഇന്ത്യന്‍ വനിത ഗുസ്തിതാരം പ്രിയ മാലിക്ക് വേള്‍ഡ് കേഡറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു. മീരഭായി ചാനു ടോക്കിയോ ഒളിംപിക്സില്‍ വെള്ളി നേടിയതിന് പിന്നാലെയാണ് ഈ വാര്‍ത്തവന്നത്. എന്നാല്‍ പലരും ഈ വാര്‍ത്തയില്‍ കുടുങ്ങി അബന്ധം കാണിച്ചെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. അതില്‍ രാഷ്ട്രീയക്കാരും, സെലബ്രൈറ്റികളും എല്ലാം പെടും.
രാഷ്ട്രീയ നേതാക്കളായ അല്‍ക്ക ലാംപ, രാംദീപ് സിംഗ് സുര്‍ജേവാല, മമത ദത്ത് എന്നിവര്‍ പ്രിയ മാലിക്കിന് ടോക്കിയോയില്‍ സ്വര്‍ണ്ണം എന്ന് പറഞ്ഞിട്ട ഇട്ട പോസ്റ്റുകള്‍ വൈറലായി ഏറെ വിമര്‍ശനവും കേട്ടു. ചില ബിജെപി അണികള്‍ ഈ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ ബിജെപിയുടെ 'ടൂള്‍ കിറ്റ്' പദ്ധതിയാണോ എന്ന് പോലും ചോദിച്ചു.
കേരളത്തില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ ആദ്യം ടോക്കിയോയിലാണ് പ്രിയ മാലിക്ക് സ്വര്‍ണ്ണം നേടിയത് എന്നാണ് പോസ്റ്റ് ഇട്ടത്. പിന്നാലെ അത് തിരുത്തി. മുന്‍മന്ത്രി എംഎം മണി എവിടെ എന്ന് പറയാതെയാണ് ആദ്യം പ്രിയ മാലിക്കിന് സ്വര്‍ണ്ണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ പിന്നീട് ആശയകുഴപ്പം ഒഴിവാക്കാന്‍ അത് തിരുത്തി ലോക ചാമ്പ്യന്‍ഷിപ്പ് എന്നാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലും പലയിടത്തും ഇതേ അബദ്ധം കാണിച്ചവര്‍ ഏറെയാണ്. ബോളിവുഡ് നടനും മോഡലുമായി മിലിന്ദ് സോമന്‍ ആദ്യം ടോക്കിയോയില്‍ മെഡല്‍ എന്നാണ് പോസ്റ്റ് ഇട്ടത്, പിന്നീട് അദ്ദേഹം ഈ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കിലും തിരുത്തായി മറ്റൊരു ട്വീറ്റ് നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നും കരീന കപൂര്‍, സണ്ണി ഡിയോള്‍ അടക്കമുള്ള പ്രമുഖര്‍ പ്രിയയുടെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്.