എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിനം ഓര്‍മ്മയിലുണ്ടാവും; പുരുഷ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

By Web Team  |  First Published Aug 5, 2021, 9:19 AM IST

വെങ്കല മെഡല്‍ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യത്തിന്‍റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി


ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഗോള്‍മഴയില്‍ ജര്‍മനിയെ മുക്കി ജര്‍മനിയെ തോല്‍പ്പിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കുള്ള ഇന്ത്യയുടെ വിജയത്തെ ചരിത്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാവുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിക്കുന്നത്. വെങ്കല മെഡല്‍ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യത്തിന്‍റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി വിശദമാക്കി. 

1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. 

Historic! A day that will be etched in the memory of every Indian.

Congratulations to our Men’s Hockey Team for bringing home the Bronze. With this feat, they have captured the imagination of the entire nation, especially our youth. India is proud of our Hockey team. 🏑

— Narendra Modi (@narendramodi)

Latest Videos

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി. 

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം

അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!