2 കോടി പോരാ, 5 കോടി വേണം, പൂനെയില്‍ ഫ്ലാറ്റും, മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒളിംപിക് മെഡല്‍ ജേതാവിന്‍റെ പിതാവ്

By Web TeamFirst Published Oct 8, 2024, 10:56 AM IST
Highlights

1952ല്‍ കെ ഡി ജാഥവ് മെഡല്‍ നേടിയശേം 72 വര്‍ഷത്തിനിടെ ആദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്നൊരു താരം ഒളിംപിക് മെഡല്‍ നേടുന്നത്.

മുംബൈ: പാരീസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ സ്വപ്നില്‍ കുശാലെക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷികത്തില്‍ അതൃപ്തിയുമായി പിതാവ് സുരേഷ് കുശാലെ. ഒളിംപിക് ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നിലിന് മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ട് കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു.

എന്നാൽ ഈ തുക വളരെ കുറഞ്ഞുപോയെന്നും അഞ്ച് കോടി രൂപ പാരിതോഷികവും പൂനെയിലെ ബലേവാഡിയിലുള്ള ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലെക്സിന് സമീപം ഫ്ലാറ്റ് നല്‍കണമെന്നും സ്വപ്നിലിന്‍റെ പിതാവ് സുരേഷ് കുശാലെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയെക്കാള്‍ ചെറിയ സംസ്ഥാനമായിട്ടും ഹരിയാനയില്‍ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് അഞ്ച് കോടി രൂപയാണ് പാരിതോഷികം നല്‍കുന്നതെന്നും സുരേഷ് കുശാലെ പറഞ്ഞു. എന്നാല്‍ അടുത്തിടെ പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുതിയ കായിക നയം അനുസരിച്ച് വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് രണ്ട് കോടി മാത്രമാണ് നല്‍കുന്നത്.1952ല്‍ കെ ഡി ജാഥവ് മെഡല്‍ നേടിയശേം 72 വര്‍ഷത്തിനിടെ ആദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്നൊരു താരം ഒളിംപിക് മെഡല്‍ നേടുന്നത്. എന്നിട്ടും സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും സുരേഷ് കുശാലെ ആരോപിച്ചു. പാരീസ് ഒളിംപിക്സില്‍ ഇന്ത്യ നേടിയ അഞ്ച് മെഡലുകളില്‍ നാലെണ്ണം ഹരിയാനയില്‍ നിന്നും ഒരെണ്ണം മഹാരാഷ്ട്രയില്‍ നിന്നുമാണ്.

Latest Videos

ഇതാദ്യമായിട്ടൊന്നുമല്ല, ഈ സീനൊക്കെ ഹാര്‍ദ്ദിക് പാണ്ഡ്യ പണ്ടെ വിട്ടതാ; വീഡിയോ പങ്കുവെച്ച് മുംബൈ

മെഡല്‍ നേടിയാലും ഇതാണ് കിട്ടാന്‍ പോകുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മകന്‍റെ കരിയറായി മറ്റൊരു സ്പോര്‍ട്സ് തെരഞ്ഞെടുക്കുമായിരുന്നുവെന്നും മഹാരാഷ്ട്രയിലെ ഒരു എംഎല്‍എയുടെയോ എംപിയുടെയോ മകനായിരുന്നെങ്കില്‍ ഇതാകുമായിരുന്നോ പാരിതോഷികം നല്‍കുകയെന്നും സുരേഷ് കുശാലെ ചോദിച്ചു.

അതുകൊണ്ട് സ്വപ്നിലിന് അഞ്ച് കോടി പാരിതോഷികം നല്‍കണം, പരീശിലനത്തിന് പോകാനുള്ള സൗകര്യത്തിനായി ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ലെക്സിനടുത്ത് ഫ്ലാറ്റ് നല്‍കണം, ഷൂട്ടിംഗ് റേഞ്ചിലെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷന്‍ പരിശീലന സ്ഥലത്തിന് സ്വപ്നിലിന്‍റെ പേര് നല്‍കണം എന്നിവയാണ് തന്‍റെ ആവശ്യങ്ങളെന്നും സുരേഷ് കുശാലെ ആവശ്യപ്പെട്ടു. ഒളിംപിക് മെഡല്‍ നേടിയതിന് പിന്നാലെ സ്വപ്നിലിനെ റെയില്‍വെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!