'ഞങ്ങളെ ശത്രുക്കളായി കാണാതിരിക്കൂ, അവന്‍ സഹോദരനാണ്'; നീരജ് ചോപ്രയെ കുറിച്ച് പാക് ജാവലിന്‍ താരം അര്‍ഷദ് നദീം

By Web Team  |  First Published Aug 5, 2022, 5:19 PM IST

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരുമായിരുന്നു. നീരജ് ചോപ്ര (Neeraj Chopra) പിന്മാറിയതോടെ ആ പോരാട്ടത്തിന് സാധ്യതയും ഇല്ലാതായി.


ബെര്‍മിംഗ്ഹാം: കായിക മത്സരങ്ങള്‍ ഏതുതന്നെ ആയാലും ഇന്ത്യ- പാകിസ്ഥാന്‍ (India vs Pakistan) നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരട്ടിക്കാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പോരുമായി താരതമ്യം ചെയ്താണ് കായിക മത്സരങ്ങളേയും കാണുന്നത്. യുദ്ധമെന്നാണ് മാധ്യമങ്ങളും വിശേഷിപ്പിക്കാറ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരുമായിരുന്നു.

നീരജ് ചോപ്ര (Neeraj Chopra) പിന്മാറിയതോടെ ആ പോരാട്ടത്തിന് സാധ്യതയും ഇല്ലാതായി. അര്‍ഷദ് നദീമാണ് (Arshad Nadeem) പാകിസ്ഥാന് വേണ്ടി മത്സരിക്കുന്നത്. അടുത്തിടെ അസാനിച്ച ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്‌സില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. 88.13 മീറ്റര്‍ ദൂരമെറിഞ്ഞ നീരജ് വെള്ളി നേടിയപ്പോള്‍ നദീം അഞ്ചാം സ്ഥാനത്തായി. ഇപ്പോള്‍ അര്‍ഷദ് പറയുന്നത് ബെര്‍മിംഗ്ഹാമില്‍ നീരജിനെ മിസ് ചെയ്യുന്നുണ്ടെന്നാണ്.

Latest Videos

undefined

'വേണം രോഹിത് ക്യാപ്റ്റനായി, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു'; പ്രതീക്ഷ പങ്കുവെച്ച് കൈഫ്

എന്നാല്‍ ഞങ്ങള്‍ ശത്രുക്കളല്ലെന്നും ജാവലിന്‍ കുടുംബത്തിന്റെ ഭാഗമാണെന്നും നദീം പറയുന്നു. ''നീരജ് എനിക്ക് സഹോദരനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഞാനവനെ മിസ് ചെയ്യുന്നുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ അവനെ ദൈവം അനുഗ്രഹിക്കട്ടെ. ഉടന്‍ തന്നെ നീരജിനൊപ്പം മത്സരിക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' നദീം പറഞ്ഞു. 

2016ല്‍ ഗുവാഹത്തിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നീരജ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. അന്ന് നദീമിനായിരുന്നു വെങ്കലം. ''നീരജ് വലിയ മനസിനുടമാണ്. അദ്ദേഹത്തെ എനിക്ക് അടുത്തറിയാം. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. നീരജ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടരുമെന്ന് ഞാന്‍ കരുതുന്നു.'' നദീം പറഞ്ഞു.

ടി20 ലോകകപ്പില്‍ ആരൊക്കെ ഓപ്പണറാവണം? സര്‍പ്രൈസ് പേരുമായി മുന്‍താരം, സഞ്ജുവിന് നിരാശ

89.94 മീറ്ററാണ് നീരജ് കണ്ടെത്തിയിട്ടുള്ള ഏറ്റവും മികച്ച ദൂരം. 90 മീറ്റര്‍ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 86.38-ാണ് നദീമിന്റെ മികച്ച ദൂരം. ''എനിക്ക് 95 മീറ്ററെങ്കിലും കണ്ടെത്താമെന്നുള്ള ആത്മവിശ്വാസമുണ്ട്. ഇക്കാര്യം എന്നെ പരിശീലിപ്പിക്കുന്നവരും പറയാറുണ്ട്. നീരജ് ഇന്ത്യയില്‍ ഇതിനോടകം പേരെടുത്തുകഴിഞ്ഞു. എനിക്കും എന്റെ സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും വേണ്ടുവോളം പിന്തുണയും സ്‌നേഹവും ലഭിക്കുന്നു. ഞാനവരോട് കടപ്പെട്ടിരിക്കുന്നു.'' നദീം പറഞ്ഞുനിര്‍ത്തി. 

ഒരിക്കല്‍കൂടി ഇന്ത്യയില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു നദീം പറഞ്ഞു. ലോക ചാംപ്യന്‍ഷിപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്നാണ് നീരജിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
 

click me!