'വലിയ ശൂന്യത...'; പ്രിയ പരിശീലകന്‍ ഒ എം നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ച് പി ടി ഉഷ

By Web Team  |  First Published Aug 19, 2021, 8:42 PM IST

1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ചുമതലയേറ്റ ശേഷമാണ് നമ്പ്യാര്‍ ഉഷയെ കണ്ടെടുക്കുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ ഉഷയുടെ വിജയകഥയാണ്.


കോഴിക്കോട്: അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാരെ ഓര്‍ത്തെടുത്ത് അദ്ദേഹത്തിന്റെ പ്രിയശിഷ്യ പി ടി ഉഷ. സോഷ്യല്‍ മീഡിയയിലാണ് ഉഷ തന്റെ കുറിപ്പെഴുതി. ഉഷയുടെ വാക്കുകളിങ്ങനെ... ''എന്റെ ഗുരു, പരിശീലകന്‍, വഴിക്കാട്ടി... അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒ എം നമ്പ്യാര്‍ സാറെ തീര്‍ച്ചയായും മിസ് ചെയ്യും.'' ഉഷ ഫേസ്ബുക്കില്‍ കുറിച്ചിട്ടു. 

Latest Videos

1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ചുമതലയേറ്റ ശേഷമാണ് നമ്പ്യാര്‍ ഉഷയെ കണ്ടെടുക്കുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ ഉഷയുടെ വിജയകഥയാണ്. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു- ശിഷ്യ ബന്ധം നീണ്ടു. 

പതിനാലര വര്‍ഷം ഉഷയെ നമ്പ്യാര്‍ പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ രാജ്യാന്തര തലത്തില്‍ ഈ ഗുരുവും ശിഷ്യയും ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. രണ്ട് ഒളിംപിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തു.

ഈ വര്‍ഷമാണ് അദ്ദേഹത്തിന് പത്മശ്രീ തേടിയെത്തിയത്. 1985ല്‍ രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് അദ്ദേഹം. 1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2005ല്‍ ഹൈദരാബാദ് സെന്റ് സ്റ്റീഫന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സീനിയര്‍ പരിശീലകനായും സേവനമനുഷ്ഠിച്ചു. 

കോഴിക്കോട് മണിയൂര്‍ സ്വദേശിയാണ് നമ്പ്യാര്‍. 89 വയസായിരുന്നു അദ്ദേഹത്തിന്. മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മണിയൂരിലെ വീട്ടുവളപ്പില്‍ നടക്കും.

click me!