വന്മരങ്ങള്‍ വീണു, ഒളിംപിക് ടെന്നിസില്‍ ഒസാക, ക്രസിക്കോവ പുറത്ത്; സിറ്റ്സിപാസിന് മധുര പ്രതികാരം

By Web Team  |  First Published Jul 27, 2021, 2:05 PM IST

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ നവോമി ഒസാക, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രസിക്കോവ, സെമി ഫൈനലിസ്റ്റ് മരിയ സക്കാറി എന്നിവര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി.


ടോക്യോ: ഒളിംപിക്‌സ് വനിതാ വിഭാഗം സിംഗിള്‍സില്‍ വന്‍ അട്ടിമറികള്‍. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ നവോമി ഒസാക, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രസിക്കോവ, സെമി ഫൈനലിസ്റ്റ് മരിയ സക്കാറി എന്നിവര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. പുരുഷ വിഭാഗത്തില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, കരേന്‍ ഖച്ചനോവ്, ഡിയേഗോ ഷ്വോര്‍സ്മാന്‍ എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി.

ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കെറ്റ വോന്‍ഡ്രുസോവയാണ് ഒസാകയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്‌കോര്‍ 6-1, 6-4. ഇതോടെ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ സ്വര്‍ണം നേടാമെന്ന ഒസാകയുടെ മോഹം പൊലിഞ്ഞു. 

Latest Videos

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസാണ് ക്രസിക്കോവയെ പറഞ്ഞുവിട്ടത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജയം. ആദ്യ സെറ്റ് ക്രസിക്കോവയാണ് നേടിയത്. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച സ്വിസ് താരം മത്സരം 1-6 6-2 6-3ന് സ്വന്തമാക്കി.

ഉക്രേനിയന്‍ താരം എലിന സ്വിറ്റോളിനയാണ് സക്കാറിയെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 5-7ന് വിട്ടുകൊടുത്ത സ്വിറ്റോളിന 6-3 6-4 രണ്ട് മുന്നും സെറ്റ് സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ക്രസിക്കോവയോടാണ് സക്കാറി തോറ്റിരുന്നത്.

പുരുഷ വിഭാഗത്തില്‍ സിറ്റ്‌സിപാസ് അമേരിക്കയുടെ ഫ്രാന്‍സിസ് തിയോഫയെയാണ് തോല്‍പ്പിച്ചത്. 6-3 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിറ്റ്‌സിപാസിന്റെ ജയം. ഇതോടെ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടിലേറ്റ തോല്‍വിക്ക് പകരം വീട്ടാനും ഗ്രീക്ക് താരത്തിനായി. ഖച്ചനോവ് ഓസ്‌ട്രേലിയയുടെ ജയിംസ് ഡക്ക്‌വര്‍ത്തിനേയും (7-5 6-1) ഷ്വോര്‍ട്‌സ്മാന്‍ ചെക്കിന്റെ തോമസ് മചാക് (6-4 7-5) നേയും തോല്‍പ്പിച്ചു.

click me!