ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ജയം.
ലണ്ടന്‍: ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍ക്കും റാഫേള്‍ നദാലിനുമൊപ്പം ഇനി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും. ഇന്ന് വിംബിള്‍ഡണ്‍ നേട്ടത്തോടെ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുടെ എണ്ണം 20 ആയി. ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ജയം.
ആദ്യ സെറ്റില്‍ മാത്രാണ് ജോക്കോവിച്ച് വെല്ലുവിളി നേരിട്ടത്. ജോക്കോ തുടക്കത്തില്‍ ഇറ്റാലിയന്‍ താരത്തിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചടിച്ച ബരേറ്റിന് മത്സരം ടൈ ബ്രേക്കിലേക്ക് നീട്ടി. പിന്നാലെ 7-6ന് സെറ്റും സ്വന്തമാക്കി. എന്നത്തേയും പോലെ അടുത്ത മൂന്ന് സെറ്റുകളില്‍ ടൂര്‍ണമെന്റിലെ ഏഴാം സീഡിനെ ജോക്കോവിച്ച് നിലത്ത് നിര്‍ത്തിയില്ല. 6-4, 6-4, 6-3 എന്ന സ്‌കോറിന് ഏകപക്ഷീയമായി ജോക്കോവിച്ച് ജയിക്കുകയായിരുന്നു.
വിംബിള്‍ഡണിലെ ആറാം കിരീടമാണിത്. ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ച് കിരീടം നേടി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തിയപ്പോള്‍ യുഎസ് ഓപ്പണില്‍ മൂന്ന് തവണയും അക്കൗണ്ടിലെത്തിച്ചു. സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം യുഎസ് ഓപ്പണ്‍ കൂടി നേടിയാല്‍ കലണ്ടര്‍ സ്ലാം ജോക്കോവിച്ചിനെ തേടിയെത്തും.