ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

By Web Team  |  First Published Jun 12, 2021, 4:13 AM IST

ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ സ്പാനിഷ് താരത്തിനെതിരെ ജോക്കോവിച്ചിന്റെ ജയം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റിസിപാസാണ് ഫൈനലില്‍ ജോക്കോയുടെ എതിതാരളി.


പാരീസ്: നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലിനെ മറികടന്ന് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ സ്പാനിഷ് താരത്തിനെതിരെ ജോക്കോവിച്ചിന്റെ ജയം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റിസിപാസാണ് ഫൈനലില്‍ ജോക്കോയുടെ എതിതാരളി. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ഫൈനലില്‍ കടന്നത്. നാളെ വൈകിട്ട് 6.30നാണ് ഫൈനല്‍. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന വനിതാ ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പവ്‌ല്യുചെങ്കോവ ചെക്കിന്റെ ബാര്‍ബോറ ക്രസിക്കോവയെ നേരിടും.

Latest Videos

നദാലിനെതിരെ ഐതിഹാസിക പോരില്‍ 3-6, 6-3, 7-6, 6-2നായിരുന്നു ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരത്തിന്റെ ജയം. ആദ്യ സെറ്റ് നദാലിനുള്ളതായിരുന്നു. തുടക്കത്തില്‍ തന്നെ ജോക്കോവിന്റെ രണ്ട് സെര്‍വുകള്‍ തകര്‍ത്ത നദാല്‍ 5-0ത്തിന്റെ ലീഡ് നേടി. എന്നാല്‍ സെറ്റുകളുടെ ഗതി എങ്ങോട്ടായിരിക്കുമെന്നുള്ള സൂചന നല്‍കിയാണ് ജോക്കോവിച്ച് ആദ്യ അടിയറവ് പറഞ്ഞത്. ഇതിനിടെ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയ ജോക്കോ ആദ്യ സെറ്റിന്റെ അവസാനങ്ങളില്‍ താളം വീണ്ടെടുത്തിരുന്നു. 

രണ്ടാം സെറ്റില്‍ തുടത്തില്‍ തന്നെ നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് ജോക്കോ ലീഡെടുത്തു. എന്നാല്‍ തിരിച്ചു ബ്രേക്ക് ചെയ്ത നദാല്‍ 2-2ന് ഒപ്പമെത്തി. തൊട്ടുപിന്നാലെ ഒരിക്കല്‍കൂടി ജോക്കോ, നദാലിന്റെ സെര്‍വ് ഭേദിച്ചു. സ്‌കോര്‍ 4-2. ആ സെറ്റ് അധികം നഷ്ടങ്ങളില്ലാതെ ജോക്കോ 6-3ന് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത രണ്ട് താരങ്ങള്‍ സര്‍വീസ് പരസ്പരം ഭേദിച്ച് മുന്നേറി.

ആദ്യ മൂന്ന് പോയിന്റുകള്‍ ഇരുവരും വീതിച്ചെടുത്തു. തൊതൊട്ടടുത്ത ഗെയിമില്‍ ജോക്കോ, നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് 4-3ന്റെ ലീഡ് നേടി. സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ ജോക്കോയ്ക്ക് 5-3ന്റെ ലീഡ്. തൊട്ടുപിന്നാലെ സെര്‍വിലൂടെ നദാല്‍ സ്‌കോര്‍ 5-4 ആക്കി ഉയര്‍ത്തി. സെറ്റിനായി സെര്‍വ് ചെയ്ത ജോക്കോയ്ക്ക് പിഴച്ചു. നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്ത് സ്‌കോര്‍ 5-5ലെത്തിച്ചു. അവസാനണ്ട് പോയിന്റുകള്‍ ഇരുവരും പങ്കിട്ടു. ടൈബ്രേക്കറിലേക്ക് കടന്നതോടെ സെറ്റ് ജോക്കോ സ്വന്തമാക്കി. 92 മിനിറ്റായിരുന്നു മൂന്നാം സെറ്റിന്റെ ദൈര്‍ഘ്യം.

നാലാം സെറ്റില്‍ ജോക്കോയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു. തുടക്കത്തില്‍ ഒരു സര്‍വ് ഭേദിക്കാന്‍ നദാലിന് ആയിരുന്നു. എന്നാല്‍ മൂന്ന് തവണ നദാലിന്റെ സര്‍വ് മുറിച്ച് 6-2ന് സെറ്റും മത്സരവും ജോക്കോവിച്ച് സ്വന്തമാക്കി. നേരത്തെ സ്വെരേവിനെതിരെ 3-6 3-6 6-4 6-4 3-6 എന്ന സ്‌കോറിനായിരുന്നു സിറ്റ്‌സിപാസിന്റെ ജയം. സിറ്റ്‌സിപാസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്.

click me!