വിംബിൾഡണില്‍ പുതു ചരിത്രം; സീഡ് ചെയ്യപ്പെടാത്ത മർകേറ്റ വോൻഡ്രോസോവ വനിതാ ചാമ്പ്യന്‍

By Web Team  |  First Published Jul 15, 2023, 8:18 PM IST

ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയെന്ന നേട്ടം ഓൻസ് ജാബ്യൂറിന് സ്വന്തമാക്കാനായില്ല


ലണ്ടന്‍: വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ചെക്ക് താരം മർകേറ്റ വോൻഡ്രോസോവ ചാമ്പ്യന്‍. ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-4, 6-4 എന്ന സ്കോറിനാണ് വോൻഡ്രോസോവ തോല്‍പിച്ചത്. സീഡ് ചെയ്യപ്പെടാത്ത താരമായെത്തിയാണ് വോൻഡ്രോസോവ വിംബിൾഡണിന്‍റെ പുല്‍കോർട്ടിലെ രാഞ്ജിയായി മടങ്ങുന്നത്. വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു 24കാരിയായ മർകേറ്റ വോൻഡ്രോസോവ. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ കളിച്ചതാണ് ഇതിന് മുൻപുള്ള നേട്ടം.

അതേസമയം 28കാരിയായ ഓൻസ് ജാബ്യൂറും ചരിത്ര നേട്ടം കൊതിച്ചാണ് കലാശപ്പോരിന് ഇറങ്ങിയത്. ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയെന്ന നേട്ടം ഓൻസ് ജാബ്യൂറിന് സ്വന്തമാക്കാനായില്ല. സീസണിൽ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ടുണീഷ്യൻ താരം കലാശപ്പോരിനെത്തിയത്. നിലവിലെ ചാമ്പ്യൻ എലേന റിബാക്കിന, രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ പെട്രാ ക്വിറ്റോവ, രണ്ടാം സീഡും ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ അറീന സബലെങ്ക തുടങ്ങിയവരെയെല്ലാം വീഴ്ത്തിയെത്തിയ ഓൻസ് ജാബ്യൂറിന് പക്ഷേ കലാശപ്പോരില്‍ മർകേറ്റ വോൻഡ്രോസോവയുടെ പോരാട്ടം അതിജീവിക്കാനായില്ല. 

Latest Videos

undefined

പുരുഷ ഫൈനല്‍ നാളെ 

വിംബിൾഡൺ പുരുഷ ചാമ്പ്യനെ നാളെ അറിയാം. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ജോകോവിച്ച് കിരീടപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസിനെ നേരിടും. ജോകോ തുടർച്ചയായ അഞ്ചാം തവണയാണ് വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. അൽകാരസിനെ തോൽപിച്ചാൽ ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡ് ജോകോവിച്ചിന് സ്വന്തമാവും. 23 കിരീടവുമായി സെറീന വില്യംസിന്‍റെ റെക്കോർഡിന് ഒപ്പമാണിപ്പോൾ ജോകോവിച്ച്.

Read more: പാരീസിലേക്കുള്ള ചാട്ടം; ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ എം ശ്രീശങ്കറിന് വെള്ളി, ഒളിംപിക്സ് യോഗ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!