തന്റെ വിജയത്തിന് പിന്നിലെ ശക്തി അമ്മയാണ്. മെഡല്‍ കൈവിട്ട് തിരികെ എത്തിയിട്ടും രാജ്യം നല്‍കിയ സ്‌നേഹത്തിന് നന്ദിയെന്നും നേഹാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: വിവാഹത്തിന് ശേഷവും വനിത താരങ്ങള്‍ക്ക് തിരികെ എത്തി കായികരംഗത്ത് മികച്ച നേട്ടം കൈവരിക്കാനുള്ള സാഹചര്യം രാജ്യത്ത് ഉണ്ടാകണമെന്ന് ഹോക്കി താരം നേഹ ഗോയല്‍. തന്റെ വിജയത്തിന് പിന്നിലെ ശക്തി അമ്മയാണ്. മെഡല്‍ കൈവിട്ട് തിരികെ എത്തിയിട്ടും രാജ്യം നല്‍കിയ സ്‌നേഹത്തിന് നന്ദിയെന്നും നേഹാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജ്യത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്ന് പറഞ്ഞാണ് നേഹ തുടങ്ങിയത്. ''രാജ്യത്തിന്റെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. മെഡല്‍ കിട്ടാതെ വന്നപ്പോള്‍ വലിയ സങ്കടമുണ്ടായിരുന്നു. പക്ഷേ നാട്ടില്‍ നിന്ന് ലഭിച്ച് സ്‌നേഹം വലുതാണ്. അമ്മയാണ് ശക്തി, ഇവിടെ വരെ എത്തിയതിന് കാരണം അമ്മയാണ്. കേവലം രണ്ടായിരം രൂപ മാസവരുമാനത്തിലാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്.
അമ്മ കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. ഇത്തവണ ഒളിംപിക്‌സില്‍ വനിതകള്‍ മികച്ച നേട്ടമാണ് കൈവരിച്ചത് അത് തുടരാനാകുമെന്നാണ് പ്രതീക്ഷ. നന്നായി പരിശ്രമിച്ചാല്‍ പല നേട്ടങ്ങളും സ്വന്തമാക്കാനാകും. അതിനുള്ള സാഹചര്യം രാജ്യത്ത് വര്‍ധിക്കുന്നുണ്ട്. ഈ അവസരം ഉപയോഗിച്ച് മുന്നോട്ട് വരാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം.
പലപ്പോഴും കായികതാരങ്ങളുടെ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ കളിക്കളത്തിലേക്ക് മടങ്ങി വരാറില്ല. ഇത് മാറണം കുടുംബം അതിന് പിന്തുണ നല്‍കണം. ഞങ്ങളുടെ പരിശീലക അതിന് ഉദാഹരണമാണ്.'' നേഹ പറഞ്ഞു.