ഗോള്‍ഡന്‍ ബോയ്, കാത്തിരിപ്പിന് വിരാമം; ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം

By Web Team  |  First Published Aug 7, 2021, 5:38 PM IST

ഒളിംപിക്സ് ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ഇന്ത്യക്ക് സമ്മാനിച്ചത്.


ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 

ഒളിംപിക് ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്.2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

Latest Videos

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

തന്‍റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ്  വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്‍റെ തന്നെ വെസ്ലി വിറ്റെസ്ലാവ്വെങ്കലം നേടി.യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി.

ഫൈനലില്‍ നീരജിന്‍റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല.ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.

click me!