കാത്തിരിപ്പിന് വിരാമം; മോട്ടോ ജിപി റേസ് ഇന്ത്യയിലേക്ക്

By Jomit Jose  |  First Published Sep 21, 2022, 7:26 PM IST

2011 മുതൽ 2013 വരെ മൂന്ന് സീസണിൽ ബുദ്ധ സർക്യൂട്ടിൽ ഫോർമുല വൺ ഇന്ത്യൻ ഗ്രാൻപ്രിയുടെ ഭാഗമായി കാറോട്ടമത്സരങ്ങൾ നടന്നിരുന്നു


നോയിഡ: മോട്ടോ ജിപി റേസിന് ഇന്ത്യ ആദ്യമായി വേദിയാകുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ അടുത്തവർഷം മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വര്‍ഷത്തെ കരാറിൽ ഒപ്പിട്ടു. അടുത്തവർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ 2024ലായിരിക്കും റേസ് തുടങ്ങുക. ഔദ്യോഗിക തിയതി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. 

2011 മുതൽ 2013 വരെ മൂന്ന് സീസണിൽ ബുദ്ധ സർക്യൂട്ടിൽ ഫോർമുല വൺ ഇന്ത്യൻ ഗ്രാൻപ്രിയുടെ ഭാഗമായി കാറോട്ടമത്സരങ്ങൾ നടന്നിരുന്നു. ടൂറിസത്തിനും വ്യവസായമേഖലയിലും മോട്ടോജിപി മത്സരം ഉണർവ് നൽകുമെന്നാണ് കരുതുന്നത്. ബൈക്ക് റേസിംഗിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായാണ് മോട്ടോ ജിപി അറിയപ്പെടുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സർക്യൂട്ടിലെ 5.125 കിലോമീറ്റര്‍ ട്രാക്കിലാണ് മത്സരം നടക്കുക. 

Latest Videos

undefined

മോട്ടോ ജിപി ടൂര്‍ണമെന്‍റിനൊപ്പം മോട്ടോഇ ചാമ്പ്യന്‍ഷിപ്പും ഇന്ത്യയിലെത്തും. ഇലക്ട്രോണിക് മോട്ടോര്‍സൈക്കിള്‍ റേസിംഗ് ഇവന്‍റിന് വേദിയാവുന്ന ആദ്യ ഏഷ്യന്‍ രാജ്യമാകും ഇതോടെ ഇന്ത്യ. മോട്ടോ ജിപി ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. റേസിംഗ് ആഴ്ചയില്‍ മാത്രം 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 

ഇരുചക്ര വിപണിയുടെ കാര്യത്തിലും മോട്ടോ ജിപിയുടെ കാര്യത്തിലും ഇന്ത്യ വലിയ മാര്‍ക്കറ്റാണ്. മോട്ടോ ജിപിക്ക് ഇന്ത്യയില്‍ വലിയ ആരാധകക്കൂട്ടമുണ്ട്. അതിനാല്‍ മോട്ടോ ജിപി റേസിന് ഇന്ത്യയില്‍ വലിയ വളര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. റേസ് ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ സന്തോഷമുണ്ട്. മത്സരം എല്ലാവരിലേക്കും കൂടുതല്‍ മേഖലകളിലേക്കും എത്തിക്കുക മോട്ടോ ജിപിയുടെ ലക്ഷ്യമാണ്. ഇന്ത്യയില്‍ ചാമ്പ്യന്‍ഷിപ്പ് എത്തിക്കാന്‍ കഴിയുന്നത് മോട്ടോ ജിപി വളര്‍ത്താനുള്ള വലിയ ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ് എന്നും സംഘാടകര്‍ വ്യക്തമാക്കി.  

റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; ഡബിള്‍സ് പങ്കാളി റാഫേൽ നദാൽ

tags
click me!