ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
ചണ്ഡീഗഢ്: ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. അതേസമയം പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മില്‍ഖയുടെ ചികിത്സ പുരോഗമിച്ചിരുന്നത്.
'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. രാജ്യം 1958ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.