മലേഷ്യ ഓപ്പണ്‍: മാരിനോട് തോറ്റ് പി വി സിന്ധു പുറത്ത്, ലക്ഷ്യ സെന്നിനെ തകര്‍ത്ത് എച്ച് എസ് പ്രണോയ്

By Web Team  |  First Published Jan 11, 2023, 6:52 PM IST

പരിക്കേറ്റ് ആറ് മാസം കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷമുള്ള സിന്ധുവിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്


ക്വാലാലമ്പൂർ: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. മൂന്നുവട്ടം ലോക ചാമ്പ്യയായിട്ടുള്ള സ്‌പാനിഷ് താരം കരോലിന മാരിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സിന്ധു തോറ്റത്. സ്കോർ: 21-12, 10-21, 21-15. ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരിൽ മാരിന്‍റെ പത്താം ജയമാണ് ഇത്. സിന്ധു ലോക ഏഴാം നമ്പറും മാരിന്‍ 9-ാം നമ്പര്‍ താരവുമാണ്. 

പരിക്കേറ്റ് ആറ് മാസം കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷമുള്ള സിന്ധുവിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു പി സിന്ധു ഇതിന് മുമ്പ് മത്സരിച്ചത്. അന്ന് സിന്ധു സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ടൂര്‍ണമെന്‍റിനിടെ പരിക്കേറ്റ താരം 2022ലെ പിന്നീടുള്ള മത്സരങ്ങളില്‍ നിന്നെല്ലാം പിന്‍മാറി. 

Latest Videos

undefined

അതേസമയം മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണില്‍ എച്ച് എസ് പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ലക്ഷ്യ സെന്നിനെയാണ് പ്രണോയ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. ആദ്യ ഗെയിം നഷ‌്ടമായ ശേഷം ശക്തമായി തിരിച്ചെത്തുകയായിരുന്നു പ്രണോയ്. സ്കോർ: 22-24, 21-12, 21-18. പ്രണോയ് ലോക എട്ടാം നമ്പറും ലക്ഷ്യ 10-ാം നമ്പര്‍ താരവുമാണ്. പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യന്‍ താരമാണ് പ്രണോയ്‌യുടെ എതിരാളി. പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും പ്രീക്വാർട്ടറിലേക്ക് മുന്നേറി.

രഞ്ജി ട്രോഫി; സര്‍വീസസിനെ എറിഞ്ഞ് പ്രതിരോധത്തിലാക്കി കേരളം

click me!