മലേഷ്യ മാസ്റ്റേഴ്സ്: പ്രണോയ് സെമിയില്‍, സിന്ധു പുറത്ത്

By Gopalakrishnan C  |  First Published Jul 8, 2022, 10:41 PM IST

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ പ്രണോയ് 7-5 ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി അഞ്ച് പോയന്‍റ് നേടിയ സുനെയാമ 9-11ന് ലീഡെടുത്തു. പിന്നീട് 15-18ന് സുനെയാമ മുന്നിലെത്തിയെങ്കിലും രണ്ട് ഗെയിം പോയന്‍റുകള്‍ അതിജീവിച്ച പ്രണോയ് 20-20ല്‍ എത്തിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ട് പോയന്‍റുകള്‍ കൂടി നേടി ഗെയിമും മത്സരവും പ്രണോയ് സ്വന്തമാക്കി.

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ വിഭാഗം സെമിയിലെത്തി. ലോക പതിനാലാം നമ്പര്‍ താരം കാന്‍റാ സുനെയാമയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയിയുടെ സെമി പ്രവേശനം. സ്കോര്‍ 25-23, 22-20.

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റ മൊമോട്ടയെ തോല്‍പ്പിച്ചെത്തിയ സുനെയാമക്കെതിരെ വീറുറ്റ പ്രകടനമാണ് പ്രണോയ് പുറത്തെടുത്തത്. കടുത്ത പോരാട്ടം കണ്ട രണ്ട് ഗെയിമുകളിലും തുടക്കത്തില്‍ സുനെയാമക്കായിരുന്നു മുന്‍തൂക്കം. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ രണ്ട് പോയന്‍റ് ലീഡ് നേടിയ സുനെയാമക്കെതിരെ തുടര്‍ച്ചയായി നാലു പോയന്‍റ് നേടി പ്രണോയ് ലീഡടുത്തു. പിന്നീട് നേരിയ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനം പ്രണോയ് വരുത്തിയ പിഴവുകളില്‍ നിന്ന് സുനെയാമ ഗെയിം 19-19ല്‍ എത്തിച്ചു. 35 ഷോട്ടുകള്‍ കണ്ട ലോംഗ് റാലിക്കൊടുവിലും പോയന്‍റ് 23-23 ആയെങ്കിലും മികച്ചൊരു ജംപ് ഷോട്ടിലൂടെ ആദ്യ ഗെയിം ഒടുവില്‍ പ്രണോയ് വരുതിയിലാക്കി.

Latest Videos

undefined

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ പ്രണോയ് 7-5 ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി അഞ്ച് പോയന്‍റ് നേടിയ സുനെയാമ 9-11ന് ലീഡെടുത്തു. പിന്നീട് 15-18ന് സുനെയാമ മുന്നിലെത്തിയെങ്കിലും രണ്ട് ഗെയിം പോയന്‍റുകള്‍ അതിജീവിച്ച പ്രണോയ് 20-20ല്‍ എത്തിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ട് പോയന്‍റുകള്‍ കൂടി നേടി ഗെയിമും മത്സരവും പ്രണോയ് സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ലോക രണ്ടാം നമ്പര്‍ താരം  മലേഷ്യയുടെ തായ് സു  യിങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അടിയറവ് പറഞ്ഞു. സ്കോര്‍-13-21 21-12 12-21. തായ് സു  യിങിനോട് അവസാനം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിലും സിന്ധു തോറ്റിരുന്നു. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ തായ് സു  യിങിനോട് പതിനേഴാം തവണയാണ് സിന്ധു അടിയറവ് പറയുന്നത്.

click me!