വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ മാത്രം വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ പോര: ലവ്ലിന

By Web Team  |  First Published Aug 12, 2021, 11:49 AM IST

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണ്ണ മെഡല്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഏഷ്യാനെറ്റ്‌ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


തിരുവനന്തപുരം: ഒളിംപിക്‌സ് ഉള്‍പ്പെടെ വലിയ നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിക്കുമ്പോള്‍ മാത്രം ഓര്‍ക്കപ്പടേണ്ടവരല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെന്ന് ബോക്‌സിംഗില്‍ വെങ്കല മെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. സ്ത്രീകളുടെ കഴിവില്‍ രാജ്യം വിശ്വാസമര്‍പ്പിച്ചാല്‍ പല മേഖലകളിലും ഇനിയും നേട്ടം കൊയ്യാനാകും.

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണ്ണ മെഡല്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഏഷ്യാനെറ്റ്‌ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ''രാജ്യത്തിനായി മെഡല്‍ നേടിയതില്‍ വലിയ സന്തോഷമുണ്ട്. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സാധിച്ചത്. സ്വര്‍ണം കിട്ടാത്തില്‍ സങ്കടമുണ്ട്. ഇനിയുള്ള ശ്രമം അതിനാണ്. ലോകചാംപ്യനുമായി സെമിയില്‍ വലിയ സമ്മര്‍ദ്ദം തോന്നിയിട്ടില്ല, കളിയാണ് ശദ്ധിച്ചത്. മത്സരത്തില്‍ നൂറ് ശതമാനം നല്‍കി.

Latest Videos

കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണംവലിയ പ്രശ്‌നങ്ങളാണ് നേരിട്ടത്. പരിശീലനം ശരിയായി നടത്താനായില്ല , കൊവിഡ് ബാധിച്ചത് വെല്ലുവിളിയായി. എന്നാല്‍ ഇതിനെ എല്ലാം മറികടക്കാന്‍ ശരീരത്തിനും മനസിനുമായി ഭാവിയില്‍ നിരവധി മത്സരങ്ങള്‍ ഏഷ്യന്‍ ഗെയിംസ് അടക്കം വരുന്നുണ്ട്. അതിനായി വീണ്ടും പരിശീലനം നടത്തും, പാരീസില്‍ സ്വര്‍ണ്ണം നേടാനാണ് ശ്രമം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വികസനം കഴിഞ്ഞക്കാലത്ത് ഉണ്ടായിട്ടില്ല., ഇപ്പോള്‍ കാര്യങ്ങള്‍ മാറിവരുന്നുണ്ട്, നല്ല കായികതാരങ്ങള്‍ ഇനിയും അവിടെയുണ്ട്, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയാല്‍ ഇനിയും നേട്ടം കൊയ്യാനാകും, മീരഭായി ചാനുവിന്റെയും എന്റെയും നേട്ടങ്ങള്‍ അവിടെ കൂടുതല്‍ പരിഗണന കിട്ടാന്‍ വഴിയൊരുക്കുമെന്ന് കരുതുന്നു.

പലരുടെയും മനോഭാവം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഇന്ത്യക്കാരല്ലെന്നാണ്. ഈ മനസ്ഥിതി മാറിവരുന്നുണ്ട്, പൂര്‍ണ്ണമായി മാറണം. അത് നേട്ടങ്ങള്‍ കിട്ടുമ്പോള്‍ മാത്രമാകരുത്. അവിടെയുള്ള ജനങ്ങളും ഇന്ത്യക്കാരാണ്. സ്ത്രീകളുടെ കഴിവില്‍ പൂര്‍ണമായി വിശ്വസിക്കാന്‍ സമൂഹത്തിനാകണം. അവര്‍ക്ക് പലതും ചെയ്യാനാകും, അവര്‍ക്ക് അവസരങ്ങള്‍ കിട്ടണം. അമ്മയായി, മകളായി, സഹോദരിയായി വിവിധ ഭാവങ്ങള്‍ സ്ത്രീകള്‍ സമൂഹത്തിലുണ്ട്. അവരില്‍ വിശ്വസിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും.'' ബോര്‍ഗോഹെയ്ന്‍ വ്യക്തമാക്കി.

click me!