ഇരുപത് ഗ്രാൻസ്ലാം കിരീടം നേടിയ ഫെഡറർക്ക് അവസാന പോരാട്ടത്തില്‍ കൂട്ടാവുന്നത് 22 ഗ്രാൻസ്ലാം കിരീടം നേടിയ നദാൽ
ലണ്ടന്‍: പ്രൊഫഷണൽ ടെന്നിസിൽ ഇതിഹാസ താരം റോജർ ഫെഡറർ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ലേവർ കപ്പിൽ റാഫേൽ നദാലിനൊപ്പമാണ് ഫെഡററുടെ വിടവാങ്ങൽ മത്സരം.
'സ്പെഷ്യലിസ്റ്റുകളുടെ ഈ കാലത്ത് നിങ്ങൾക്ക് പുൽക്കോർട്ടിലോ ഹാർഡ് കോർട്ടിലോ കളിമൺ കോർട്ടിലോ സ്പെഷ്യലിസ്റ്റ് ആകാം. അല്ലെങ്കിൽ റോജർ ഫെഡറർ ആകാം'. ടെന്നിസ് ഇതിഹാസം ജിമ്മി കോണേഴ്സിന്‍റെ ഈ വാക്കുകളിൽ എല്ലാമുണ്ട്. ആ ഫെഡറർ ഇന്ന് പ്രൊഫഷണൽ കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങുകയാണ്. എക്കാലത്തും തന്‍റെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേൽ നദാലിനൊപ്പമാണ് ഫെഡററുടെ അവസാന അങ്കം. ലോക ടീമും യൂറോപ്യൻ ടീമും ഏറ്റുമുട്ടുന്ന ലേവർ കപ്പിലാണ് ഫെഡററുടെ പടിയിറക്കം.
undefined
അമേരിക്കൻ ജോഡിയായ ജാക്ക് സ്റ്റോക്കിനും ഫ്രാൻസെസ് തിയാഫോയ്ക്കുമാണ് ഫെഡറർക്കെതിരെ അവസാനമായി റാക്കറ്റ് വീശാൻ ഭാഗ്യം കിട്ടിയവർ. ഇരുപത് ഗ്രാൻസ്ലാം കിരീടം നേടിയ ഫെഡറർക്ക് കൂട്ടാവുന്നത് 22 ഗ്രാൻസ്ലാം കിരീടം നേടിയ നദാൽ. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്ത ഫെഡറർ സിംഗിൾസിൽ കളിക്കുന്നില്ല. വിംബിൾഡൺ ക്വാർട്ടർ ഫൈനലിലാണ് ഫെഡറർ അവസാനമായി കളിച്ചത്. മത്സരത്തിന് പൂർണസജ്ജമല്ലെങ്കിലും കഴിവിന്‍റെ പരമാധി വിജയത്തിനായി ശ്രമിക്കുമെന്ന് ഫെഡറർ വ്യക്തമാക്കി. അവസാന മത്സരം നദാലിനെതിരെ ആകാതിരുന്നതും വിടവാങ്ങൽ മത്സരത്തിൽ നദാലിനൊപ്പം കളിക്കാൻ കഴിയുന്നതിലും അതിയായ സന്തോഷമെന്നും ഇതിഹാസതാരം കൂട്ടിച്ചേര്‍ത്തു.
ബ്യോൺ ബോർഗ് നയിക്കുന്ന യൂറോപ്യൻ ടീമിൽ നൊവാക് ജോകോവിച്ച്, ആൻഡി മറേ, മത്തേയു ബരെറ്റീനി, കാസ്പർ റൂഡ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരുമുണ്ട്.
ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ റോജര്‍ ഫെഡറര്‍ നേരത്തെ അറിയിച്ചിരുന്നു. 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് കരിയറില്‍ ഫെഡററുടെ നേട്ടം. ഗ്രാൻസ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയര്‍ത്തി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.
24 മണിക്കൂര്‍ പോലെ കടന്നുപോയ 24 വര്‍ഷങ്ങള്‍, ഫെഡറര്‍ എന്ന മാറ്റാനാവാത്ത ശീലം