റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; ഡബിള്‍സ് പങ്കാളി റാഫേൽ നദാൽ

By Web Team  |  First Published Sep 21, 2022, 6:40 PM IST

വിടവാങ്ങുന്ന ഡബിൾസ് മത്സരത്തിൽ ഫെഡററുടെ പങ്കാളി കരിയറിൽ തന്‍റെ ഏറ്റവും വലിയ പ്രതിയോഗിയായിരുന്ന റാഫേൽ നദാൽ


ലണ്ടന്‍: ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേല്‍ നദാലിനൊപ്പം ഡബിൾസിൽ കളിച്ചാവും ഫെഡറർ വിടവാങ്ങുക. പരിക്കിൽ നിന്ന് പൂർണ മുക്തനാവാത്തതിനാൽ നാൽപത്തിയൊന്നുകാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല. 

നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് വീശാൻ കഴിയുന്നത് സ്വപ്നസാഫല്യമെന്ന് റോജര്‍ ഫെഡറർ വ്യക്തമാക്കി. റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറേ, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവര്‍ക്കൊപ്പം ടീം യൂറോപ്പിന്‍റെ താരമാണ് ഫെഡറർ. ബ്യോൺബോർഗാണ് ടീം ക്യാപ്റ്റൻ. വിരമിച്ചതിന് ശേഷം മറ്റുപലരേയും പോലെയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും തനിക്ക് എല്ലാം തന്ന ടെന്നിസുമായി തുട‍ർന്നും ബന്ധപ്പെട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫെഡറർ പറഞ്ഞു. ഇരുപത് ഗ്രാൻസ്ലാം കിരിടത്തിന്‍റെ തിളക്കത്തോടെയാണ് ഫെഡറർ കളിക്കളം വിടുന്നത്. 

Latest Videos

undefined

ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഫെഡറര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'എനിക്ക് 41 വയസായി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു' എന്നായിരുന്നു ഗോട്ട് എന്ന് വാഴ്‌ത്തപ്പെടുന്ന താരത്തിന്‍റെ വിരമിക്കല്‍ അറിയിപ്പ്. 

റെക്കോര്‍ഡുകളിലെ 'ഫെഡററിസം'

20 ഗ്രാൻസ്ലാം കിരീടങ്ങളാണ് കരിയറില്‍ റോജര്‍ ഫെഡറര്‍ നേടിയത്. ഗ്രാൻസ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും 2008ല്‍ ബീജിംഗ് ഒളിംപിക്‌സ് ഡബിള്‍സില്‍ സ്വര്‍ണവും എടിപി ടൂര്‍ ഫൈനല്‍സില്‍ ആറ് കിരീടവും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. 

24 മണിക്കൂര്‍ പോലെ കടന്നുപോയ 24 വര്‍ഷങ്ങള്‍, ഫെഡറര്‍ എന്ന മാറ്റാനാവാത്ത ശീലം

click me!