'ഇത് അവിശ്വസനീയം, അനീതി'; വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുത പുറത്ത് വരണമെന്ന് മന്ത്രി ശിവൻകുട്ടി

By Web Team  |  First Published Aug 7, 2024, 4:12 PM IST

രാജ്യം മുഴുവൻ വിനേഷിനൊപ്പം നിൽക്കണം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിഷയത്തിൽ ശക്തമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


തിരുവനന്തപുരം: പാരിസ് ഒളിംപിക്സിൽ രാജ്യത്തിൻറെ അഭിമാനമായി വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഇന്നലെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇന്ന്  ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ ഫൈനലിന് മണിക്കൂറുകള്‍  മുമ്പ് ഫോഗട്ടിനെ അയോഗ്യയാക്കി.  ഇത് അവിശ്വസനീയവും അനീതിയാണെന്നും കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു. വിനേഷ് ഫോഗട്ടിനെ വിലക്കിയതിന് പിന്നിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

24 മണിക്കൂറിനുള്ളിൽ മൂന്ന് ലോകോത്തര താരങ്ങളെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷം ഫൈനൽ നടക്കാൻ ആറോ ഏഴോ മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഏതാനും ഗ്രാം ഭാരം കൂടി എന്ന് പറഞ്ഞ് വിനേഷ് ഫോഗട്ടിനെ വിലക്കിയത്. ഇതിനെ പിന്നിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. രാജ്യം മുഴുവൻ വിനേഷിനൊപ്പം നിൽക്കണം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിഷയത്തിൽ ശക്തമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിനേഷ്, താങ്കളാണ് യഥാർത്ഥ പോരാളിയെന്നും ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിളക്കം ആണ് വിനേഷിനെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Latest Videos

undefined

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലിന് മണിക്കൂറുകൾ മാത്രം മുൻപ് ഇന്ന് രാവിലെയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഭാരപരിശോധനയിൽ ഫോഗട്ടിന് 100 ഗ്രാം കൂടുതൽ കണ്ടെത്തുകയായിരുന്നു എന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. താരത്തിന് വെള്ളി മെഡല്‍ പോലും ലഭിക്കില്ല. സെമിയില്‍ ഫോഗട്ട് തോൽപ്പിച്ച ക്യൂബന്‍ താരം ഫൈനലിൽ മത്സരിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഭാരം നിയന്ത്രിക്കാന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇന്നലെ രാത്രി കഠിന പരിശീലനം നടത്തിയിരുന്നു. 

Read More : 'പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, നീ ജേതാവ്, അമാനുഷികയായ വനിത'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി പി വി സിന്ധു

click me!