നിയമനം നല്‍കാനുള്ള തീരുമാനം ആയെങ്കിലും ഫയല്‍ മാസങ്ങളായി ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായിക താരങ്ങള്‍ പറയുന്നു.
തിരുവനന്തപുരം: പത്ത് വര്‍ഷം മുന്‍പത്തെ സ്‌പോര്‍ട്‌സ് ക്വാട്ട പട്ടികയില്‍ ഉള്‍പ്പെട്ട 54 കായിക താരങ്ങള്‍ക്ക് ഇതുവരേയും നിയമനം നല്‍കിയില്ലെന്ന് ആക്ഷേപം. നിയമനം നല്‍കാനുള്ള തീരുമാനം ആയെങ്കിലും ഫയല്‍ മാസങ്ങളായി ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായിക താരങ്ങള്‍ പറയുന്നു.
ദേശീയ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കരുത്ത് തെളിയിച്ച കേരളത്തിന്റെ അഭിമാന താരങ്ങളാണ് തെരുവില്‍. 2010-14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. അന്നത്തെ കായിക മന്ത്രി ഇപി ജയരാജന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടത്തിയിരുന്നു.
ഇതില്‍ 195 പേര്‍ക്ക് നിയമനം നല്‍കി. ശേഷിക്കുന്ന 54 പേരെ ഇതുവരേയും പരിഗണിച്ചില്ല. അതേസമയം 2015- 20 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി തുടങ്ങുകയും ചെയ്തു. പ്രഖ്യാപിച്ച 249 പേര്‍ക്കും ജോലി നല്‍കി എന്ന് സര്‍ക്കാര്‍ പരസ്യങ്ങളിലൂടെ അവകാശപ്പടുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇവര്‍ പറയുന്നു.
54 പേരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പേകാനാണ് കായിക താരങ്ങളുടെ തീരുമാനം. എന്നാല്‍ ഇവരുടെ നിയമനം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് കായികവകുപ്പിന്റെ വിശദീകരണം.