സീനിയർ വിഭാഗം ഷോട്ട് പുട്ടിലാണ് സർവൻ തന്റെ രണ്ടാം മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിലും സർവൻ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടിയിരുന്നു.
തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ കാസർക്കോടിന്റെ കെസി സർവന് ഇരട്ട മീറ്റ് റെക്കോർഡ്. സീനിയർ വിഭാഗം ഷോട്ട് പുട്ടിലാണ് സർവൻ തന്റെ രണ്ടാം മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിലും സർവൻ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടിയിരുന്നു. 17.58 മീറ്റർ ദൂരമെറിഞ്ഞാണ് ഷോട്ട് പുട്ടിൽ താരം സ്വർണം നേടിയത്. 16.53 മീറ്ററെന്ന നിലവിലെ മീറ്റ് റെക്കോർഡാണ് പഴങ്കഥയായത്. അതേസമയം സംസ്ഥാന സ്കൂൾ കായിക മേളയിലെ പാലക്കാടിന്റെ കുതിപ്പ് തുടരുകയാണ് പാലക്കാടിന്റെ സ്വർണ നേട്ടം 22 ആയി ഉയർന്നു. ജൂനിയർ ബോയ്സിന്റെ 800 മീറ്റർ ഫൈനലിൽ അമൃതാണ് പാലക്കാടിന് വേണ്ടി അവസാനമായി സ്വർണം നേടിയത്. ജില്ലകളിൽ പാലക്കാട് കീരിടം ഉറപ്പിച്ചു. നേരത്തെ ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ പാലക്കാടിന്റെ നീവേദ്യ കലാധർ സ്വർണം നേടിയിരുന്നു. നീവേദ്യയുടെത് മീറ്റിലെ രണ്ടാം സ്വർണമായിരുന്നു. നേരത്തെ 1500 മീറ്ററിലും താരം സ്വർണം നേടിയിരുന്നു.
അതേസമയം ഇന്നലെ ലോങ് ജംപ് മത്സരത്തിനിടെ ഒരു വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.
undefined
ഇന്നലെ രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജംപ് മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.