വിംബിള്‍ഡണ്‍: പ്ലിസ്‌കോവ- ബാര്‍ട്ടി ഫൈനല്‍, സബലെങ്ക പുറത്ത്

By Web Team  |  First Published Jul 8, 2021, 10:41 PM IST

രണ്ടാം സീഡ് അറൈന സബലെങ്കയെ തോല്‍പ്പിച്ചാണ് പ്ലിസ്‌കോവ ഫൈനലിലെത്തിയത്. നേരത്തെ നടന്ന സെമിയില്‍ ബാര്‍ട്ടി ജര്‍മനിയുടെ ആഗ്വെലിക് കെര്‍ബറെ തോല്‍പ്പിച്ചിരുന്നു.


ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ അഷ്‌ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും. രണ്ടാം സീഡ് അറൈന സബലെങ്കയെ തോല്‍പ്പിച്ചാണ് പ്ലിസ്‌കോവ ഫൈനലിലെത്തിയത്. നേരത്തെ നടന്ന സെമിയില്‍ ബാര്‍ട്ടി ജര്‍മനിയുടെ ആഗ്വെലിക് കെര്‍ബറെ തോല്‍പ്പിച്ചിരുന്നു.

സബലെങ്കയ്‌ക്കെതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷമാണ് ടൂര്‍ണമെന്റിലെ എട്ടാം സീഡായ പ്ലിസ്‌കോവ മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 5-7ന് താരം വിട്ടുകൊടുത്തു. എന്നാല്‍ അടുത്ത രണ്ട് സെറ്റിലും ബലാറുഷ്യന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 6-4, 6-4 എന്ന സ്‌കോറിനാണ് രണ്ട് മൂന്നും സെറ്റുകള്‍ പ്ലിസ്‌കോവ നേടിയത്. താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണിത്. 2016ല്‍ യൂഎസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 2019ല്‍ ഓസ്‌ട്രേലിന്‍ ഓപ്പണ്‍ സെമിയും 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലും പരാജയപ്പെട്ടു.

Latest Videos

കെര്‍ബര്‍ക്കെതിരെ ആധികാരികമായിരുന്നു ഓസ്‌ട്രേലിയന്‍ താരം ബാര്‍ട്ടിയുടെ പ്രകടനം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-3, 7-6. ആദ്യ സെറ്റില്‍ ബാര്‍ട്ടിയുടെ മികവിന് മുന്നില്‍ മറുപടിയില്ലാതിരുന്ന കെര്‍ബര്‍ സെറ്റ് കൈവിട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച കെര്‍ബര്‍ തുടക്കത്തിലെ 3-0ന് മുന്നിലെത്തി. എന്നാല്‍ തിരിച്ചുവന്ന ബാര്‍ട്ടി സെറ്റ് 6-6 ലേക്ക് കൊണ്ടുവന്നു. ടൈ ബ്രേക്കറില്‍ 7-3ന്റെ ജയം.

സീനിയര്‍ തലത്തില്‍ ഇതാദ്യമായാണ് ബാര്‍ട്ടി വംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്. 2011ല്‍ ജൂനിയര്‍ ചാമ്പ്യനായിരുന്നു. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള ബാര്‍ട്ടിക്ക് മറ്റൊരു ഗ്രാന്‍ സ്ലാമും നേടാന്‍ കഴിഞ്ഞിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!