പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ എൽനാസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്
ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിദേശ ചാമ്പ്യൻഷിപ്പിൽ തലമറയ്ക്കാതെ മത്സരിച്ച കായിക താരത്തിന്‍റെ കുടുംബവീട് ഇറാൻ ഗവൺമെന്‍റ് ഇടിച്ചു നിരത്തി. വനിതാ താരം എൽനാസ് റേകാബിയുടെ കുടുംബ വീടാണ് ഇടിച്ചുനിരത്തിയത്. ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന്, നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ താരം മാപ്പു പറഞ്ഞിരുന്നു. എന്നാൽ ഇറാൻ അധികൃതർ പറയുന്നത് പ്രതികാര നടപടിയുടെ ഭാഗമായല്ല കെട്ടിടം പൊളിച്ചതെന്നാണ്. കെട്ടിടത്തിന്‍റേത് അനധികൃത നിർമ്മാണമായതുകൊണ്ടാണ് പൊളിക്കേണ്ടി വന്നതെന്നും അധികാരികൾ അറിയിച്ചു. അതേസമയം ഈ ഇടിച്ചു നിരത്തൽ പ്രതികാര നടപടിയാണ് എന്നാരോപിച്ച് നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ എൽനാസിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് താരം ഹിജാബില്ലാതെ കളിച്ചത്.
അതേസമയം ഇറാനിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ടു എന്നതാണ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഇറാൻ ഗവൺമെന്‍റിന്‍റെ ഈ നടപടി. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മതകാര്യ പൊലീസ് നിര്‍ത്തലാക്കി