ഭരണപ്രതിസന്ധി ഡിസംബറിനുള്ളിൽ പരിഹരിക്കണം. ഇത് അവസാന താക്കീതെന്ന് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി.
ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് പിന്നാലെ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷന് നിർദേശം നൽകി. ഈ വർഷം ഡിസംബറിലെ ഐഓസി എക്സിക്യൂട്ടീവ് യോഗത്തിന് മുൻപ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശം.
ഇത് അവസാന താക്കീതാണെന്നും ഡിസംബറിലും പ്രശ്നപരിഹാരമില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷന് താക്കീത് നൽകി. ഏറെക്കാലം ഹോക്കി അസോസിയേഷന്റെയും ഐഒസിയുടെയും അധ്യക്ഷനായി തുടർന്ന നരീന്ദർ ബത്ര കോടതി ഉത്തരവിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ഭരണപ്രതിസന്ധിയുണ്ടാകുന്നത്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് അന്താരാഷ്‍ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി ഭരണം ഏറ്റെടുത്ത സാഹചര്യത്തിൽ നേരത്തെ ഫിഫ ഇന്ത്യയെ വിലക്കിയിരുന്നു.
undefined
അടുത്ത വർഷം മെയ് മാസത്തില്‍ മുംബൈയില്‍ നടക്കേണ്ട ഐഓസി എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബർ/ഒക്ടോബർ വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ 2012ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന്‍റെ പേരില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്കിയിരുന്നു. ഇതിന് ശേഷം 2014 സോചി വിന്‍റർ ഗെയിംസോടെയാണ് ഇന്ത്യ മടങ്ങിയെത്തിയത്. 2024ല്‍ പാരീസില്‍ നടക്കുന്ന ഒളിംപിക്സിന് മുമ്പ് ഭരണപ്രതിസന്ധികള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പൂർണമായും പരിഹരിക്കേണ്ടതുണ്ട്.
ഫിഫ വിലക്ക് ഇങ്ങനെ
12 വർഷമായി അഖിലേന്ത്യാ ഫുട്ബോള്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫ ഈ മാസമാദ്യം ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോൾ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി പിരിച്ചുവിടുകയും ഫെഡറേഷന്‍റെ ഭരണ ചുമതല സുപ്രീം കോടതി താൽക്കാലിക സെക്രട്ടറി സുനന്ദോ ധറിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് ഫിഫയുടെ വിലക്ക് നീങ്ങിയതും ഫെഡറേഷനില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.
ഇന്ത്യയുടെ 'ഡയമണ്ട്' തന്നെ നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണം