റിയോ ഒളിമ്പിക്സിലും ഇന്ത്യൻ സംഘത്തിന്റെ കിറ്റ് സ്പോൺസർമാരായിരുന്നു ലി നിങ്. 2018ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങളിലും ലി നിങ് തന്നെയായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിറ്റ് സ്പോൺസർ.
ദില്ലി: വിവാദമായതോടെ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ കിറ്റ് സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയെ മാറ്റി. ലി നിങ് എന്ന കമ്പനിയുടെ സ്പോൺസർഷിപ്പാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പിൻവലിച്ചത്. കഴിഞ്ഞ ആഴ്ച കായിക മന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിലാണ് കിറ്റ് അവതരിപ്പിച്ചത്.
പിന്നാലെ ചൈനീസ് കമ്പനിയെ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് കായിക മന്ത്രാലയം സ്പോൺസർഷിപ്പ് പിൻവലിക്കാൻ ഐഒസിയോട് നിർദ്ദേശിക്കുകയായിരുന്നു. ഒളിമ്പിക്സിനിടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥ കായിക താരങ്ങൾക്ക് ഉണ്ടാവരുതെന്ന് ഐഒഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.
പുതിയ സ്പോൺസറെ കണ്ടെത്താനുള്ള സമയമില്ലാത്തതിനാൽ സ്പോൺസർ ലോഗോ ഇല്ലാത്ത കിറ്റായിരിക്കും ഇന്ത്യൻ താരങ്ങളും പരിശീലകരും സപ്പോർട്ട് സ്റ്റാഫും ഒളിമ്പിക്സിൽ ധരിക്കുക എന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
റിയോ ഒളിമ്പിക്സിലും ഇന്ത്യൻ സംഘത്തിന്റെ കിറ്റ് സ്പോൺസർമാരായിരുന്നു ലി നിങ്. 2018ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങളിലും ലി നിങ് തന്നെയായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിറ്റ് സ്പോൺസർ. എന്നാൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പലകായിക സംഘടനകളും ചൈനീസ് ബന്ധമുള്ള കമ്പനികളെ മാറ്റിയത്.
ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായ വിവോയെ ബിസിസിഐ ഇത്തരത്തിൽ കഴിഞ്ഞ സീസണിൽ ഒഴിവാക്കിയിരുന്നെങ്കിലും ഈ സീസണിൽ വിവോ തിരിച്ചെത്തി. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനുള്ള കിറ്റിന്‍റെ സ്പോൺസർഷിപ്പ് റെയ്മണ്ടിനാണ്.