അന്താരാഷ്ട്ര ഫെഡറേഷനോട് ഇന്ത്യ മാപ്പ് പറഞ്ഞു. ട്രോഫി കണ്ടെത്താനായി പൊലീസിൽ പരാതി നൽകി
ദില്ലി: അന്തർദേശീയ വേദിയിൽ ഇന്ത്യക്ക് നാണക്കേട്. ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ചെസ് ഒളിംപ്യാഡിൻ്റെ റോളിങ് ട്രോഫി കാണാതായി. കഴിഞ്ഞ തവണ ജേതാക്കളായപ്പോൾ കിട്ടിയ റോളിങ് ട്രോഫിയാണ് കാണാതായത്. ട്രോഫി ചെസ് ഫെഡറേഷന്റെ ചെന്നൈ, മുംബൈ ഓഫീസുകളിൽ ഇല്ലെന്ന് ഭാരവാഹികൾ ഓൾ ഇന്ത്യ ചെസ് ഫെഡറേഷനെ അറിയിച്ചു. ഹംഗറിയിലെ ചെസ്സ് ഒളിംപ്യാഡിൻ്റെ സമ്മാന ദാന ചടങ്ങിനായി അന്താരാഷ്ട്ര ഫെഡറഷൻ ട്രോഫി ആവശ്യപ്പെട്ടപ്പോഴാണ് ട്രോഫി കാണാനില്ലെന്ന് അറിഞ്ഞത്. തിങ്കളാഴ്ചയാണ് ഒളിംപ്യാഡിൻ്റെ സമാപന ചടങ്ങ്. പ്രശ്നം ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ തത്കാലത്തേക്ക് പരിഹരിച്ചിട്ടുണ്ട്. യഥാർത്ഥ ട്രോഫിയുടെ മാതൃകയിൽ മറ്റൊന്ന് ഉണ്ടാക്കി അന്താരാഷ്ട്ര ഫെഡറേഷന് കൈമാറിയാണ് പ്രശ്നം പരിഹരിച്ചത്. അന്താരാഷ്ട്ര ഫെഡറേഷനോട് ഇന്ത്യ മാപ്പ് പറഞ്ഞു. ട്രോഫി കാണാതായ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ അറിയിച്ചു.