ബ്രിട്ടീഷ് കോട്ട തകര്‍ത്തു; 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഒളിംപിക്‌സ്‌ സെമിയില്‍

By Web Team  |  First Published Aug 1, 2021, 7:45 PM IST

ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏകഗോള്‍.


ടോക്യോ: ഒൡപിക്‌സ് പുരുഷ ഹോക്കിയില്‍ ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ സെമിയിലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏകഗോള്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി. 

49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 1972ലെ മ്യൂനിച്ച് ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് സെമിയില്‍ പാകിസ്ഥാനോട് തോല്‍ക്കുകയായിരുന്നു. 1980ല്‍ ഇന്ത്യ സ്വര്‍ണം നേടിയെങ്കിലും അന്ന് ആറ് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഫൈനല്‍ കളിപ്പിക്കുകയായിരുന്നു. ഹോക്കിയില്‍ ഇന്ത്യ അവസാനം നേടിയ മെഡലും അതായിരുന്നു.   

Latest Videos

റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ, ജര്‍മനിയെ നേരിടും. ഇന്ന് ബ്രിട്ടണെതിരെ ഏഴാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ നേടി. സിമ്രാന്‍ജിത് സിംഗിന്റെ പാസ് സ്വീകരിച്ച് ഗോള്‍ നേടുകയായിരുന്നു. 

രണ്ടാം ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍. ഷൂട്ടിംഗ് സര്‍ക്കിളില്‍ നിന്ന് ഗുര്‍ജന്ത് ഗോള്‍ നേടുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഫിലിപ് റോപര്‍ നല്‍കിയ പെനാല്‍റ്റി കോര്‍ണര്‍ വാര്‍ഡ് ഗോളാക്കി മാറ്റി. 57-ാം മിനിറ്റില്‍ ഹാര്‍ദിക് പട്ടിക പൂര്‍ത്തിയാക്കി. 

click me!