ശീതകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും
ദില്ലി: ചൈനയില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്‍റെ (Beijing Winter Olympics 2022) ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ചടങ്ങുകളില്‍ ഇന്ത്യയുടെ അംബാസിഡര്‍ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ (Qi Fabao) ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യന്‍ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം.
ശീതകാല ഒളിംപിക്സിന്‍റെ ദീപശിഖാ പ്രയാണത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനിക കമാന്‍ഡര്‍ ക്വി ഫാബോയെ പങ്കെടുപ്പിക്കുകയായിരുന്നു ചൈന. ഇതിലൂടെ ചൈന ശീതകാല ഒളിംപിക്സിനെ രാഷ്‌ട്രീയവല്‍ക്കരിച്ചു എന്നാണ് ഇന്ത്യയുടെ നിലപാട്. കൊവിഡ് ആശങ്കകള്‍ക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്സിന് ചൈനയില്‍ തിരി തെളിയുക. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാബോക്ക് ചൈനയില്‍ ഹീറോ പരിവേഷം ലഭിച്ചിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Regrettable that China has chosen to politicise the Olympics. The Indian envoy will not attend the opening or closing ceremony of the Beijing Winter Olympics: MEA on reports of China making Galwan soldier torchbearer pic.twitter.com/AdtDVk3aSv
— ANI (@ANI)
undefined
2020ല്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറായ ക്വി ഫാബോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ചൈനയുടെ ഭാഗത്ത് കൂടുതല്‍ ആള്‍നാശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 38 ചൈനീസ് സൈനികരെങ്കിലും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.