മണിപ്പൂരില്‍ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ്
ഇംഫാല്‍: ഇടിക്കൂട്ടില്‍ ആറ് തവണ ലോക ജേതാവും 2012 ഒളിംപിക്സ് മെഡലിസ്റ്റുമായ ഇന്ത്യന്‍ വനിത ബോക്സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധി അവസാനിച്ചതോടെയാണ് 41കാരിയായ മേരി ഐതിഹാസിക കരിയറിന് തിരശീലയിട്ടത്. എലൈറ്റ് തലത്തില്‍ പുരുഷ, വനിത ബോക്സര്‍മാര്‍ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്‍ നല്‍കുന്നുള്ളൂ. മണിപ്പൂരില്‍ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ്.
പ്രായം നാല്‍പത്തിയൊന്ന് ആയെങ്കിലും ഇപ്പോഴും മത്സരിക്കാനുള്ള ഊര്‍ജം നഷ്ടമായിട്ടില്ല എന്നാണ് മേരി കോമിന്‍റെ പ്രതികരണം. 'എനിക്ക് ഇപ്പോഴും മത്സരിക്കാനുള്ള അഭിനിവേശമുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായ പരിധി കാരണം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ മത്സരങ്ങളില്‍ നിന്ന് വിടവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഞാന്‍ വിരമിക്കുന്നു. ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു' എന്നും മേരി കോം ഒരു ചടങ്ങിനിടെ പറഞ്ഞു.
undefined
പതിനെട്ടാം വയസില്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ചായിരുന്നു മേരി കോമിന്‍റെ തുടക്കം. ആറ് ലോക കിരീടങ്ങളുള്ള (2002, 2005, 2006, 2008, 2010, 2018) ആദ്യ വനിതാ ബോക്സറായ മേരി കോം കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായും വിശേഷിപ്പിക്കപ്പെടുന്നു. മേരി കോം ആറ് ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കൊപ്പം അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവുമായി. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ് ഗെയിംസിന്‍റെ ചരിത്രത്തില്‍ ഗോള്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്സര്‍ എന്ന ചരിത്രം കുറിച്ചു. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടി.
2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ നേടിയ വെങ്കലമാണ് മേരി കോമിന്‍റെ കരിയറിന്‍റെ ഏറ്റവും വലിയ നാഴികക്കല്ല്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും പേരിലുണ്ട്. മേരി കോമിനെ രാജ്യം പത്മശ്രീ, പത്മ ഭൂഷന്‍, പത്മ വിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2016 മുതല്‍ 2022 വരെ മേരി കോം രാജ്യസഭയില്‍ അംഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം