പ്രതിരോധത്തില്‍ തിളങ്ങിയ ഇന്ത്യക്ക്, മുന്നേറ്റനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാകും പ്രധാന ലക്ഷ്യം. ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള ചൈന, ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ സമനില വഴങ്ങിയിരുന്നു.
ആംസ്റ്റര്‍ഡാം: വനിതാ ഹോക്കി ലോകകപ്പില്‍ (Hockey World Cup) ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. രാത്രി എട്ട് മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ചൈനയാണ് എതിരാളികള്‍. ഇരുടീമുകളും ആദ്യജയമാണ് ലക്ഷ്യമിടുന്നത്. സവിത പൂനിയ (Savita Punia) ക്യാപ്റ്റനായ ഇന്ത്യ, ആദ്യ മത്സരത്തില്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാക്കളായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചിരുന്നു.
പ്രതിരോധത്തില്‍ തിളങ്ങിയ ഇന്ത്യക്ക്, മുന്നേറ്റനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാകും പ്രധാന ലക്ഷ്യം. ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള ചൈന, ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ സമനില വഴങ്ങിയിരുന്നു. ലോക റാങ്കിംഗില്‍ നിലവില്‍ എട്ടാമതാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ചൈന എന്നിവര്‍ക്ക് പുറമെ ന്യൂസിലന്‍ഡാണ് നാലാമത്തെ ടീം.
undefined
18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്‌സില്‍ (Tokyo Olympics) നയിച്ച റാണി രാംപാല്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കില്‍ നിന്ന് മോചിതയായി പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്. ഗോള്‍ കീപ്പറായ സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്‍, ഉദിത എന്നിവരാണുള്ളത്.
മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിളാ ദേവി എന്നിവരുണ്ട്. ടൂര്‍ണമെന്റിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി.
2018ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. അയര്‍ലന്‍ഡായിരുന്നു ടൂര്‍ണമെന്റിലെ രണ്ടാം സ്ഥാനക്കാര്‍.