തലയുയർത്തി മടങ്ങാം, ഫോഗട്ടിനൊപ്പമുണ്ട് രാജ്യം; രാഷ്ട്രപതി, പ്രധാനമന്ത്രി, രാഹുൽ, ഷാ, പ്രിയങ്ക, സച്ചിൻ...

By Web TeamFirst Published Aug 7, 2024, 7:12 PM IST
Highlights

സോഷ്യൽ മീഡിയയിൽ #ഒപ്പമുണ്ട് രാജ്യം എന്ന ഹാഷ്ടാഗും ട്രെൻഡിംഗ് ആണ്.

പാരീസ്: പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ കടന്നശേഷം അയോഗ്യയാക്കപ്പെട്ട സൂപ്പർ താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രാജ്യത്തെ സമസ്തമേഖലയിലുമുള്ളവർ രംഗത്ത്. ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയും താരത്തെ പിന്തുണച്ചും പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രതിപക്ഷ നേതാവുമടക്കം എല്ലാവരും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷമഘട്ടത്തിൽ രാജ്യം ഒപ്പമുണ്ടെന്നാണ് ദ്രൗപതി മുർമുവും മോദിയും രാഹുലുമടക്കമുള്ളവർ പ്രഖ്യാപിച്ചത്. അമിത് ഷാ, പ്രിയങ്ക ഗാന്ധി, സാക്ഷി മാലിക്ക്, സച്ചിൻ തെൻഡുൽക്കർ. തുടങ്ങി രാഷ്ട്രീയ, കായിക, സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം ഫോഗട്ടിനെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ #ഒപ്പമുണ്ട് രാജ്യം എന്ന ഹാഷ്ടാഗും ട്രെൻഡിംഗ് ആണ്.

പ്രധാനമന്ത്രി പറഞ്ഞത്

Latest Videos

ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍ എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും മോദി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്നും മോദി കുറിച്ചു.

രാഷ്ട്രപതി പറഞ്ഞത്

വിനേഷ് എല്ലാ ഇന്ത്യക്കാരുടെയും മനസിൽ ചാമ്പ്യൻ തന്നെ എന്ന് രാഷ്ട്രപതി. താരത്തിന്‍റെ പ്രകടനം എല്ലാവർക്കും പ്രചോദനമാണ്.

രാഹുൽ ഗാന്ധി പറഞ്ഞത്

ഫോഗട്ടിത്തിന് നീതി കിട്ടാൻ വേണ്ടി ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ ശക്തമായി നടപടി എടുക്കണം. രാജ്യം വിനേഷിനൊപ്പമെന്നും രാഹുൽ ഗാന്ധി.

അമിത് ഷാ പറഞ്ഞത്

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ് ഫോഗട്ട് തിരിച്ചുവരും. എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

പ്രിയങ്ക ഗാന്ധി പറഞ്ഞത്

വിനേഷ് ഫോഗട്ട് രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി. രാജ്യം വിനേഷിൽ അഭിമാനിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ലെന്നും കോടിക്കണക്കിന് പേർ ഒപ്പമുണ്ടെന്നും ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ ഖർഗെ പറഞ്ഞത്

വലിയ വേദനയുളവാക്കുന്ന വാർത്തയാണ്. ഫോഗട്ടിനൊപ്പമാണ് എല്ലാവരുമെന്നും അപ്പീലിനായി എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.

സച്ചിൻ തെൻഡുൽക്കർ പറഞ്ഞത്

വിനേഷിന്‍റെ അയോഗ്യത അത്രമേൽ ഹൃദയഭേദകമാണ്. ഫൈനലുകളിലേക്കുള്ള നിങ്ങളുടെ അവിശ്വസനീയമായ യാത്രയും യുവി സുസാക്കിക്കെതിരായ വിജയവും മറക്കാനാകില്ല. ചാമ്പ്യൻ പോരാളി തന്നെയാണ് നിങ്ങൾ. രാഷ്ട്രം മുഴുവൻ നിങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ തല ഉയർത്തി പിടിക്കുക. ഇന്ത്യക്ക് വേണ്ടി നിങ്ങളുടെ എല്ലാം നൽകിയതിന് നന്ദി. ഞങ്ങൾക്ക് അവിശ്വസനീയമാംവിധം അഭിമാനമുണ്ട്.

വിനേഷ് ഫോഗട്ടിന്‍റെ അമ്മാവനും മുന്‍ ഗുസ്തി താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട് പറഞ്ഞത്

വിനേഷ് ഫോഗട്ടിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് പറ‌ഞ്ഞു. 'എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്. നിരാശരാകരുത് എന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞാന്‍ ഒരുക്കും'- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്‍റെ പ്രതികരണം. 

പിവി സിന്ധു പറഞ്ഞത്

പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കും. എല്ലാവിധ ആശംസകളും നേരുന്നു.

ബജ്റംഗ് പൂനിയ പറഞ്ഞത്

വിനേഷ് ഫോഗട്ടിന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടാണ് ബജ്റംഗ് പൂനിയയുടെ കുറിപ്പ്. വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ടാണ് ബജ്റംഗ് പൂനിയയുടെ കുറിപ്പ് തുടങ്ങുന്നത്. മണ്ണിന്‍റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.

click me!