ഒളിമ്പിക്‌സ് ജാവലിൻ മത്സരവേദിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ, മത്സരം 4.30 -ന്

By Web Team  |  First Published Aug 7, 2021, 4:17 PM IST

കന്നി ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണം എന്ന ഇന്ത്യയുടെ ദീർഘനാളത്തെ സ്വപ്നം നീരജ് ചോപ്രയിലൂടെ സാക്ഷാത്കരിക്കപ്പെടുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. 


മൂന്നുവർഷം മുമ്പൊരു വൈകുന്നേരം ജക്കാർത്തയിൽ ഇന്ത്യയുടെ ജാവലിൻ ഇതിഹാസമായ നീരജ് ചോപ്ര നെഞ്ചിൽ ഒരു സ്വർണ്ണമെഡലുമായി ദേശീയഗാനത്തിനൊപ്പിച്ചു ചുണ്ടനക്കിക്കൊണ്ട് തലയുയർത്തി നിന്നു. 2018 ലെ ഏഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് എന്ന 23 കാരൻ അന്ന് തന്റെ ജാവലിൻ എറിഞ്ഞിട്ടത് 88.06m ദൂരമായിരുന്നു. അന്ന് ആ പോഡിയത്തിൽ നീരജിന്റെ തൊട്ടടുത്തായി വെങ്കലമെഡൽ നേടി നിൽപ്പുണ്ടായിരുന്നത് പാകിസ്താന്റെ അർഷാദ് നദീം ആയിരുന്നു.  മെഡൽ നേടിയതിനു പിന്നാലെ സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക പുതച്ചുകൊണ്ട് നീരജും അർഷാദും പങ്കുവെച്ച ചിത്രവും അന്ന് വൈറലായിരുന്നു. അന്ന് അർഷാദ് പറഞ്ഞത്, ഇന്ത്യയുടെ ചാമ്പ്യൻ താരത്തെ ഒരുനാൾ മറികടക്കണമെന്നാണ് തന്റെ മോഹമെന്നായിരുന്നു. 

ഇന്ന്, 2021 ഓഗസ്റ്റ് ഏഴാം തീയതി  ടോക്കിയോയിൽ ജാവലിൻ ത്രോയുടെ ഫൈനൽ മത്സരങ്ങൾക്ക് വൈകുന്നേരം നാലരയോടെ തുടക്കമാകുമ്പോൾ, നീരജ് ചോപ്രയ്ക്കും അർഷാദ് നദീമിനും മുന്നിലുള്ളത് അവനവന്റെ രാജ്യത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള ഒരു സുവർണാവസരമാണ്. കന്നി ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണം എന്ന ഇന്ത്യയുടെ ദീർഘനാളത്തെ സ്വപ്നം നീരജ് ചോപ്രയിലൂടെ സാക്ഷാത്കരിക്കപ്പെടുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. 

Latest Videos

ഇരുവരുടെയും സ്വർണ്ണ സ്വപ്നങ്ങൾക്കുള്ള പ്രധാന ഭീഷണി ജർമനിയുടെ ലോകചാമ്പ്യനായ യോഹന്നാസ് വെറ്റർ ആണ്. 2021 -ൽ ചുരുങ്ങിയത് എഴുതവണയെങ്കിലും 90 മീറ്റർ ദൂരം മറികടന്നിട്ടുള്ള താരമായ വെറ്ററിനു പക്ഷേ ടോക്കിയോയിലെ യോഗ്യതാ റൗണ്ടിൽ നീരജിന്റെ മികച്ച ദൂരമായ 86.65m -നെ മറികടക്കാൻ സാധിച്ചിരുന്നില്ല. 85.64m എറിഞ്ഞ് നീരജിനു പിന്നിൽ രണ്ടാമനായിട്ടാണ് വെറ്റർ ഫൈനൽ 12 -ൽ ഇടം പിടിച്ചത്. ഫീൽഡിലേക്ക് കടന്നു വന്ന നീരജ് ആദ്യത്തെ ത്രോയിൽ തന്നെ അനായാസം 83.50m എന്ന യോഗ്യതാ മാർക്ക് കടന്ന്, നിമിഷങ്ങൾക്കകം വേദി വിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അർഷാദും 85.16m എറിഞ്ഞ് ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. 

1900 -ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടു വെള്ളി മെഡലുകൾ നേടിയ നോർമൻ പിച്ചാർഡിനു ശേഷം ഇന്നേവരെ ഒരു ഇന്ത്യൻ കായിക താരവും ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇവന്റുകളിൽ പോഡിയത്തിൽ ഇടം പിടിച്ച ചരിത്രം ഉണ്ടായിട്ടില്ല. പോളണ്ടിന്റെ മാർസിൻ ക്രുക്കോവ്സ്കി, നിലവിലെ ലോക ചാമ്പ്യൻ കെഷോൺ വാൽക്കോട്ട്, റിയോയിലെ വെള്ളി മെഡൽ ജേതാവ് ജൂലിയസ് യേഗോ എന്നിവരുടെ അഭാവത്തിൽ നീരജ് ചോപ്രയ്ക്ക് സാദ്ധ്യതകൾ ഏറെയാണ്. ജാവലിൻ ത്രോയിൽ ഒരു സ്വർണം ഇന്ത്യയുടെ കയ്യെത്തും ദൂരത്താണ് എന്ന തിരിച്ചറിവിൽ ശ്വാസമടക്കിപ്പിടിച്ച് ആ മുഹൂർത്തതിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്പോർട്സ് പ്രേമികൾ ഇപ്പോൾ. 


 

click me!