സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. എല്ലാവരിലും ഒരുപാട് പ്രതീക്ഷയുണ്ടെന്നും നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാൻ ഉണ്ടെന്ന് ഓർക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചത്. സ്കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നമാണ് തക്കുടു. എല്ലാവരിലും ഒരുപാട് പ്രതീക്ഷയുണ്ടെന്നും നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാൻ ഉണ്ടെന്ന് ഓർക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിന്‍റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഈ രാജ്യത്തിന്‍റെ അഭിമാനങ്ങളായി വളരേണ്ടവരാണ് നിങ്ങള്‍. കലാകായിക ശേഷികള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അപൂര്‍വമായാണ് ലഭിക്കുക. അവ ശരിയായി വിനിയോഗിക്കുക. കിട്ടിയ അവസരം ആത്മാര്‍ത്ഥതയോടെ ഉപയോഗപ്പെടുത്തിയാൽ വിജയം നമ്മുടെ കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.
കായികമേളയിൽ ഒരുപാട് മത്സരയിനങ്ങളുണ്ട്. ഒരുപാട് സാമര്‍ത്ഥ്യങ്ങളും കഴിവും ഉള്ളവരാണ് ഓടുന്നത്. കൂടെ ഓടുന്നവരും നമ്മളേക്കാള്‍ മോശമല്ലെന്ന് ഓര്‍ക്കണം. അവരെ കൂടി പരിഗണിച്ചുവേണം മത്സരിക്കാൻ. ഒരാള്‍ക്ക് മാത്രമെ ജയിക്കാൻ കഴിയുകയുള്ളുവെങ്കിലും കൂടെയുള്ളവര്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ ജയിക്കുന്നതെന്ന ഓര്‍മ വേണം.
മത്സരാര്‍ത്ഥിയെ മത്സരാര്‍ത്ഥിയായി മാത്രം കാണം. ശത്രുവായി കാണരുത്. മോശമായി പോലും അവരോട് പെരുമാറരുത്. അവരെ കൂടി പരിഗണിച്ചുവേണം ഓരോ മത്സരത്തിനും ഇറങ്ങാൻ. വിദ്യാഭ്യാസം കൊണ്ട് അറിവ് മാത്രമല്ല നേടേണ്ടത്, സംസ്കാരം കൂടിയാണ്. പ്രിയപ്പെട്ട തക്കുടുകളെ നിങ്ങള്‍ക്ക് ഈ നാടിന്‍റെ അഭിമാനമായി മാറാൻ കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു.
നിങ്ങളുടെ സ്വപ്നം ഒളിപിക്സ് വരെ എത്തട്ടെയെന്ന് ദീപശിഖ തെളിയിച്ച ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് പറഞ്ഞു. ഒളിപിക്സിൽ സ്വർണ്ണം എന്ന ലക്ഷ്യത്തോടെ മത്സരിക്കണമെന്നും ആരും ഒറ്റയ്ക്ക് ജയിക്കുന്നില്ലെന്നും പിആര്‍ ശ്രീജേഷ് പറഞ്ഞു.